ഗാന്ധിനഗര്‍: ഗുജറാത്തില്‍ അനധികൃത മദ്യവില്‍പനയെക്കുറിച്ച് വീമ്പിളക്കുകയും വീഡിയോ പകര്‍ത്തി പുറത്തുവിടുകയും ചെയ്തയാള്‍ പിടിയില്‍. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അഹമ്മദാബാദ് ഗോമതിപുര്‍ സ്വദേശിയായ അഷ്‌റഫ് പത്താനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഖേതര്‍ഷബാവയിലെ വീട്ടില്‍നിന്നാണ് അഷ്‌റഫിനെ പിടികൂടിയത്.
അഷ്‌റഫ് ചിത്രീകരിച്ച വീഡിയോയും പിന്നീട് തെറ്റ് മനസ്സിലാക്കി ഇയാള്‍ ക്ഷമ ചോദിക്കുന്ന വീഡിയോയും അഹമ്മദാബാദ് പോലീസ് എക്‌സില്‍ പങ്കുവെച്ചു. ‘മദ്യക്കുപ്പികള്‍ നിറച്ച പെട്ടികളുള്ള ഗോഡൗണില്‍വെച്ച് റീല്‍ ചിത്രീകരിച്ചതിന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടി’ എന്ന അടിക്കുറിപ്പോടെയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്.
‘നിങ്ങള്‍ ബിസിനസ് നടത്തുകയാണെങ്കില്‍ അത് നിര്‍ബന്ധമായും നിയമവിരുദ്ധമായിരിക്കണം. മദ്യക്കുപ്പികള്‍ നിറച്ച വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പോലീസ് ഒരു കേസ് ഫയല്‍ ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ കൈനിറയെ പണം വരും. അത് ഉപയോഗിച്ച് ആര്‍ഭാടത്തോടെ ജീവിക്കാം’ എന്നാണ് അഷ്‌റഫ് വീഡിയോയില്‍ പറയുന്നത്.
ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അഞ്ചുദിവസം മുമ്പ് അജ്മീറിലെ മദ്യ ഗോഡൗണില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും ക്ഷമ ചോദിക്കുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ മുമ്പ് രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 292-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താവുന്ന പരാതി ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും ഈ വകുപ്പിന്റെ പരിധിയില്‍ കുറ്റം ഉള്‍പ്പെടുത്താനായില്ലെങ്കില്‍ പൊതുശല്യം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഗുജറാത്തില്‍ 1960 മുതല്‍ മദ്യനിരോധനം നിലവിലുണ്ട്.