ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുകയും സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടിക്കുന്നതിനു പിന്നാലെ സമര ഗാനങ്ങള്‍ക്കും ഇന്റര്‍നെറ്റില്‍ വിലക്ക്. പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ പരാതിയ തുടര്‍ന്നാണ് നടപടി. കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് 13 ദശലക്ഷം കാഴ്ചക്കാര്‍ ഉണ്ടായി.
കന്‍വറിന്റെ ഗാനം സമരസംഗീതമായി മാറുകയും ഗായകന്‍ പ്രക്ഷോഭത്തിന്റെ മുഖങ്ങളിലൊന്നാകുകയും ചെയ്തു. ഈ ഗാനം നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കര്‍ഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്റെ സന്ദേശം.
യൂട്യൂബില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഗാനങ്ങള്‍ മായ്ക്കാന്‍ കഴിയില്ലെന്ന് കര്‍ഷക നേതാവ് ഷിംഗാര സിംഗ് മാന്‍ പറഞ്ഞു.