തൊടുപുഴ; ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി കഴിയ്ഞ്ഞു. നിയമങ്ങളെ കാറ്റിൽ പറത്തി ക്വാറന്റീന് ലംഘിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്ത് തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിപാര്‍പ്പിച്ചു ആരോഗ്യ അധികൃതർ.
ഉടുമ്പന്നൂർപഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗര്‍ഭിണിയായ ഭാര്യയുമാണ് കഴിഞ്ഞദിവസം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയത്. ക്വാറന്റീന് നിയമങ്ങള്‍ പാലിച്ചുകൊള്ളാമെന്ന ഉറപ്പില്‍ ഇവരെ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കിയെന്ന് ഉടുമ്പന്നൂര്‍ പി.എച്ച്.സി. അധികൃതര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞദിവസം യുവാവ് ഫോണ്‍ ചെയ്ത് സമീപ പഞ്ചായത്തായ കരിമണ്ണൂരില്‍നിന്നും ബാര്‍ബറെ വീട്ടില്‍വിളിച്ച് വരുത്തി മുടിവെട്ടിച്ചു. ജോലികഴിഞ്ഞ് ഇവിടെനിന്ന് മടങ്ങും വഴി ബാര്‍ബര്‍ ഉടുമ്പന്നൂരില്‍ ഒരാളുടെയും കരിമണ്ണൂരില്‍ മൂന്ന് പേരുടെയും മുടിവെട്ടുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടുമ്പന്നൂര്‍ പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. റെയ്ച്ചല്‍ പി. ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കരിമണ്ണൂര്‍ പി.എച്ച്.സി.യുടെ കൂടി സഹായത്തോടെ ബാര്‍ബറെയും മുടിവെട്ടിച്ചവരെയും കണ്ടെത്തുകയായിരുന്നു
താൻ ക്വാറന്റൈനിലാണെന്ന വിവരം മറച്ചുവെച്ചാണ് ബാര്‍ബറെ വിളിച്ച് വരുത്തിയതെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ ആരോഗ്യവകുപ്പ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുക്കുകയും ഇയാളെ തൊടുപുഴയിലെ കോവിഡ് കെയര്‍ലേക്ക് മാറ്റുകയുമായിരുന്നു. ബാര്‍ബര്‍ ഉള്‍പ്പെടെ മറ്റ് അഞ്ചുപേരും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.