മനുഷ്യർ വന്യമൃഗങ്ങളെ ശല്യം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താറുമുണ്ട്. ചിലരെല്ലാം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പോവുകയും ചെയ്യും. ഇതും അതുപോലെ വന്യമൃഗങ്ങളെ ശല്യം ചെയ്യുന്ന വീഡിയോ ആണ്.
വീഡിയോയിൽ യുവാക്കൾ ഒരു ആനക്കൂട്ടം കടന്നുവരുമ്പോൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയാണ്. ആ സമയത്ത് യുവാക്കൾ ഒരു ശ്രദ്ധയും കൂടാതെ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു. പിന്നീട് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു.
ഫോട്ടോ എടുക്കാനായി യുവാക്കൾ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. അതിൽ രണ്ട് പേർ ആനക്കൂട്ടത്തിന് അടുത്തേക്ക് പോയി സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആ വീഡിയോയിൽ നിന്നു തന്നെ ആനക്കൂട്ടത്തിലെ ഒരു ആന പ്രകോപിതനാവുന്നത് കാണാം. പിന്നീട് കുറച്ച് ഓടുന്നുണ്ട്. ആ നേരം യുവാക്കൾ കുറച്ച് പേടിക്കുന്നുണ്ട്.
വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത് ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ്. ‘വന്യജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഈ മൃഗങ്ങൾ അവരുടെ പെരുമാറ്റത്തിനോട് ക്ഷമ കാണിച്ചു എന്നത് യുവാക്കളുടെ ഭാഗ്യമാണ്. അല്ലാത്ത പക്ഷം ശക്തിയുള്ള ആനകൾക്ക് ആളുകളെ ഒരു പാഠം പഠിപ്പിക്കാൻ അധികമൊന്നും ചെയ്യേണ്ട ആവശ്യമില്ല’ എന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോ കണ്ടത്. മിക്കവാറും ആളുകളെ ഈ വീഡിയോ പ്രകോപിപ്പിച്ചു. അവരെ ഒന്നും ചെയ്യണ്ട എന്ന് ആനകൾ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് അവർ ഇന്ന് ജീവനോടെ ഇരിക്കുന്നത് എന്ന് പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. മനുഷ്യർ പലപ്പോഴും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കടക്കം കടന്ന് ചെന്ന് അവയെ ശല്യപ്പെടുത്താൻ മടിക്കാറില്ല എന്നും പലരും കുറിച്ചു.