വിവാഹിതയായ മുൻകാമുകിയെ ഭീഷണിപ്പെടുത്തി ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചു, നിർബന്ധിച്ചു വിഷം കുടിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: വിവാഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുന്‍കാമുകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദ് ഗോട്ട സ്വദേശി അക്ഷയ് ബര്‍വാദി(23) എന്ന 23 വയസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച് നാല് വര്‍ഷം മുമ്പ് യുവതിയും അക്ഷയും പ്രണയത്തിലായിരുന്നു. ഇതിനിടെ 2018-ല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷവും പ്രതി യുവതിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിച്ചു. ഇതിന്റെപേരില്‍ യുവതിയെ നിരന്തരം ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ഭീഷണി തുടർന്നതോടെ ഒരുമാസം മുമ്പ് യുവതി മുന്‍കാമുകനെ നേരിട്ടുകാണാന്‍ തീരുമാനിച്ചു. പരസ്പരം കണ്ടതിന് ശേഷം യുവാവ് യുവതിയെ പല തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയി. ഈ യാത്രയ്ക്കിടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിനെ ഒഴിവാക്കി ഇയാളെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നതി പോലീസ് അറിയിച്ചു.

ഗോട്ടയിലെ ഒരു ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ചപ്പോളാണ് നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. ലൈംഗികാതിക്രമം തടഞ്ഞപ്പോള്‍ യുവാവാണ് ആദ്യം വിഷം കുടിച്ചത്. നിര്‍ബന്ധിച്ച് തനിക്കും വിഷം നല്‍കിയെന്നും ഇതിനുശേഷം രണ്ടുപേരും അവശരായെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് ബോധം വന്നപ്പോള്‍ യുവാവ് തന്നെയാണ് വിവരം സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചത്. ഇവര്‍ ഹോട്ടലിലെത്തി രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി സോല പോലീസ് അറിയിച്ചു. ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News