മലപ്പുറം വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: വണ്ടൂർ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സല്‍മത്ത്(52) ആണ് മരുമകൻ്റെ വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് സംഭവം.

സൽമത്തിൻ്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ (36) ആണ് വെട്ടിയത്. ഇവർ എല്ലാവരും ഒരുമിച്ചാണ് താമസം. തലക്ക് ഗുരുതര വെട്ടേറ്റ സൽമത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിയ്ക്കുകയായിരുന്നു.

സമീർ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവാണ്. ഭാര്യ സജ്നയേയും കൊല്ലപ്പെട്ട സൽമത്തിനേയും ഇയാൾ ഉപദ്രവിച്ചതിനെത്തുടർന്ന് വണ്ടൂർ പോലീസിൽ ഒന്നിലധികം പരാതികളുമുണ്ട്.

സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു. നിലമ്പൂർ ഡി.വൈ.എസ്. പി. വർഗീസ്, വണ്ടൂർ സി.ഐ. എ. അജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൽമത്തിൻ്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News