ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു. ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ചിറ്റൂർ ജില്ലയിൽ നിന്നുള്ള 27കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേ തുടർന്ന് ഒളിവിൽപോയ ഇവരുടെ ഭർത്താവ് ശ്രീകാന്ത് റെഡ്ഡിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
തിരുപ്പതിയിലെ അലിപിരി പോലീസ്, ശ്രീ വെങ്കട രമണ റുയ സർക്കാർ ജനറൽ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടിൽനിന്ന് ജൂൺ 23 ന് സ്യൂട്ട്കേസിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിറ്റൂർ ജില്ലയിലെ രാമസമുദ്രം ഗ്രാമത്തിൽ നിന്നുള്ള എം ഭുവനേശ്വരിയുടെ മൃതദേഹമാണിതെന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി.
കോവിഡിനേ തുടർന്ന് ഭുവനേശ്വരിയും ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് സ്യൂട്ട്കേസുമായി അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകൾക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആശുപത്രി പ്രദേശത്ത് ഇയാൾ ടാസ്കി കാറിൽ സഞ്ചരിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
പോലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്യാൻ റെഡ്ഡിയെ സഹായിച്ചതായി അയാൾ സമ്മതിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ശ്രീകാന്ത് റെഡ്ഡിക്ക് വേണ്ടി അന്വേഷം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
കോവിഡിനേ തുടർന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനേ തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം ഒരു തകർക്കത്തേ തുടർന്ന് പ്രകോപിതനായ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ കോവിഡ് മൂലമാണ് ഭുവനേശ്വരി മരിച്ചതെന്നും മൃതദേഹം പ്രോട്ടോക്കോൾ അനുസരിച്ച് ആശുപത്രി അധികൃതർ സംസ്കരിച്ചെന്നുമാണ് ഒളിവിൽ പോകുന്നതിന് മുമ്പ് ഇയാൾ ഭാര്യയുടെ കുടുംബത്തിനോട് പറഞ്ഞിരുന്നത്.