തൃശൂർ: ജ്യേഷ്ഠനെ കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാർക്ക് മുന്നിൽ ദുഖം അഭിനയിച്ച് പ്രതി ഷെറിൻ. സംസ്കാരച്ചടങ്ങിന് എത്തിയ നാട്ടുകാരോട് ‘ചേട്ടൻ പോയി, ഉണർത്തേണ്ട’, എന്നായിരുന്നു ഷെറിൻ പറഞ്ഞത്. കൂട്ടുപ്രതിയായ സുഹൃത്ത് അരുണും ഈ സമയം ഒപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ആരാഞ്ഞ നാട്ടുകാരോടൊല്ലാം ബൈക്കപകടത്തെ തുടർന്നാണ് ജ്യേഷ്ഠന് മരണം സംഭവിച്ചതെന്നാണ് ഷെറിൻ പറഞ്ഞത്. എന്നാൽ സംസ്കാരച്ചടങ്ങിന് പിന്നാലെ ഷെറിനെയും അരുണിനെയും തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
തൃശൂർ കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ (29) കൊല്ലപ്പെട്ട സംഭവത്തിലാണ് അനുജനായ ഷെറിൻ (27), ഷെറിൻ്റെ സുഹൃത്ത് നാലാംകല്ല് സ്വദേശി ചെട്ടിക്കാട്ടിൽ അരുൺ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്. ബൈക്കപകടത്തെ തുടർന്നുള്ള മരണമെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് നിർണായകമായത്.
കൊല്ലപ്പെട്ട ഷൈൻ്റെ തലയ്ക്കേറ്റ മുറിവ് ശക്തമായ അടിയെ തുടർന്നുള്ളതാണെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് ഷെറിനെയും അരുണിനെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് ഷൈനിൻ്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുച്ചിറപ്പിറപ്പള്ളിയിൽ പെയിൻ്റിങ് ജോലി ചെയ്യുന്ന ഷൈൻ രാത്രി 11.45 ഓടെ തൃശൂരിലെത്തുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബൈക്കുമായി എത്തണമെന്ന് ഷെറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഷെറിൻ മദ്യപിച്ചിരുന്നതിനാൽ സുഹൃത്ത് അരുണിനെയും ഒപ്പം കൂട്ടിയാണ് ഷൈനെ കൊണ്ടുവരാനായി തിരിച്ചത്. ബാറിൽനിന്ന് മദ്യപിച്ച ശേഷമാണ് ഷൈൻ ഇരുവർക്കൊപ്പം വീട്ടിലേക്ക് പോയത്. യാത്രക്കിടെ ബൈക്കിൻ്റെ പെട്രോൾ തീർന്നതോടെയാണ് സംഭവത്തിൻ്റെ തുടക്കം.
പെട്രോളടിക്കാൻ ഷെറിൻ ഷൈനോട് പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. പണം നൽകാൻ ഷൈൻ വിസമ്മതിച്ചതിനാൽ മുൻപ് ഷൈൻ വാങ്ങിയ പണം ഷെറിൻ തിരികെചോദിച്ചു. ഇതിനിടെ നടന്നുനീങ്ങിയ ഷൈനെ ഷെറിൻ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
ഷൈന് മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതോടെ ഹെൽമറ്റ് പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. ഷെറിൽ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ബൈക്കിൽനിന്ന് വീണതിനെ തുടർന്നാണ് സംഭവമെന്നായിരുന്നു ഷെറിൻ ആശുപത്രിയിലടക്കം പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളുമായി പോലീസ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. പ്രതികളെ റിമാൻഡ് ചെയ്തു.