എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന് പരാതി; മൂന്ന് പേര്‍ പിടിയില്‍; നിര്‍ണ്ണായകമായത് കാറിലുള്ളവര്‍ പകര്‍ത്തിയ ദൃശ്യം

മലപ്പുറം: ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന് പരാതി. മലപ്പുറം എടപ്പാളിലാണ് സംഭവം. കുറ്റിപ്പാലം സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയത്.

സഹപാഠിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് നല്‍കിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.ഓടി രക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കില്‍ പിടിച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. പൊന്നാനി സ്വദേശികളാണ് ഇവര്‍. മുബഷിര്‍ മുഹമ്മദ്, യാസിര്‍, 17കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ വടിവാളുമായി യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News