പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ യുവാവിന്റെ തന്ത്രം; കാറിടിപ്പിച്ചു,പിന്നാലെയെത്തി രക്ഷിച്ചു, യുവാവും സുഹൃത്തും പിടിയിൽ

പിണങ്ങിയ യുവതിയെ ഇണക്കാൻ തന്ത്രം; കാറിടിപ്പിച്ചു,പിന്നാലെയെത്തി രക്ഷിച്ചു, യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ട:പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ സിനിമാസ്റ്റൈൽ പദ്ധതിയുമായി ഇറങ്ങിയ യുവാവും സുഹൃത്തും അറസ്റ്റിൽ .യുവതിയെ കാറിടിപ്പിച്ച് വീഴ്‌ത്തിയിട്ട് രക്ഷിക്കുകയായിരുന്നു. സത്യം പുറത്തായതോടെ വധശ്രമക്കേസിൽ ഇരുവരും അറസ്റ്റിലുമായി.

കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊട്ടാരക്കര സബ് ജയിലിലാണ്.

ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും പ്ലാൻ നടപ്പാക്കിയത്. വൈകീട്ട് 5.30-ന് കോച്ചിങ് ക്ലാസ് കഴിഞ്ഞ് അടൂരിൽനിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ, രഞ്ജിത്തിന്റെ നിർദേശപ്രകാരം കാറിൽ പിന്തുടർന്ന അജാസ് വാഴമുട്ടം ഈസ്റ്റിൽവെച്ച് ഇടിച്ചുവീഴ്ത്തി. കാർ നിർത്താതെപോയി.

തൊട്ടുപിന്നാലെ മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷകനായി. യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ ധരിപ്പിച്ചശേഷം കാറിൽ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ വലതുകൈക്കുഴ തെറ്റി. ചെറുവിരൽ പൊട്ടി. ദേഹത്താകെ മുറിവും ഉണ്ടായി. യുവതിയുടെ മൊഴിയിൽ, വാഹനാപകടക്കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തുന്നതിനിടെ ചില സംശയങ്ങൾ ഉയർന്നു.

യുവതിയും പന്തികേട് സൂചിപ്പിച്ചു. ഇടിച്ചിട്ട് നിർത്താതെപോയ കാർ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി. യുവതി തന്റെ ഭാര്യയാണെന്ന് രഞ്ജിത്ത് ആളുകളോട് പറഞ്ഞതും സംശയത്തിനിടയാക്കി. പത്തനംതിട്ട എസ്ഐ എസ്.അലക്സ്കുട്ടി രജിസ്റ്റർചെയ്ത കേസ് എസ്ഐ ഷിജു പി.സാം ആണ് അന്വേഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News