ജോണി നെല്ലൂരിന്റെ പ്രസ്ഥാവന വീട്ടുകാര്യങ്ങളില്‍ തോട്ടക്കാരന്‍ അഭിപ്രായം പറയുന്നതുപോലെ; തുറന്നടിച്ച് യൂത്ത് ഫ്രണ്ട് എം
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോണി നെല്ലൂര്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ തുറന്നടിച്ച് യൂത്ത് ഫ്രണ്ട് എം. ഐക്യജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് ജോണി നെല്ലൂര്‍ നടത്തിയ പ്രസ്താവന അപക്വവും പക്ഷപാതപരവുമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക പറഞ്ഞു.
യു.ഡി.എഫിലെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വീട്ടുകാര്യങ്ങളില്‍ തോട്ടക്കാരന്‍ അഭിപ്രായം പറയുന്ന പോലെ മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലായി മാത്രമെ ഇതിനെ കാണാന്‍ കഴിയുവെന്നും സാജന്‍ തൊടുക പറഞ്ഞു.
ജോസ്.കെ മാണിയും കേരള കോണ്‍ഗ്രസ്- എം നേതൃത്വവും പ്രശ്‌നപരിഹാരത്തിനും സമവായത്തിനുമായി വിട്ടുവീഴ്ച ചെയ്‌തെങ്കിലും ഏകപക്ഷീയമായ തീരുമാനങ്ങളോടെ പാര്‍ട്ടിയിലെ ജോസഫ് വിഭാഗം മുന്നോട്ടു പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതില്‍ നിന്ന് യുഡിഎഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് കാരണമെന്ന് സംശയിക്കുന്നുവെന്നും സാജന്‍തൊടുക കൂട്ടിച്ചേര്‍ത്തു.