തൃശൂർ: സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.
അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.
കൈവരിയില്ലാത്ത കനാലിലേക്കു സ്കൂട്ടർ വീണു മരിച്ച യാത്രക്കാരനെതിരെ കോടതിയിൽ മയ്യിൽ പൊലീസിന്റെ കുറ്റപത്രം ! ‘അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നു’ എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു കാണിച്ച് പരേതന്റെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണു കുടുംബാംഗങ്ങൾ ഈ വിവരം അറിയുന്നത്. മാർച്ച് എട്ടിനാണ് കാവുംചാൽ കനാൽ റോഡിൽ അപകടത്തിൽ ചെങ്ങിനി ഒതയോത്ത് സി.ഒ.ഭാസ്കരൻ (54) മരിച്ചത്.
കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്കരൻ കമ്പിൽ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി കടയിലേക്കു തിരികെ വരുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നു കനാലിലേക്കു വീഴുകയായിരുന്നു. ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.
അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയതോടെ അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് അർഹതപ്പെട്ട ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.
അപകടത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണു പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും മയ്യിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി.സുമേഷ് പറഞ്ഞു.