കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുട്ടിക്കാനം:പുതുവത്സരാഘോഷത്തിനെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം.

കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിന് എത്തിയതായിരുന്നു ഫൈസലും ഇരുപതിലേറെ സുഹൃത്തുക്കളുമടങ്ങുന്ന സംഘവും. വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങിയ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന ഫൈസലുമായി കാര്‍ 350 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്സുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച യുവാവിനെ കണ്ടെത്താനായില്ല. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ രാവിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 350 അടി താഴ്ചയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

കാറില്‍ നിന്ന് തെറിച്ചുവീണ് തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News