കോട്ടയം കളക്ട്രേറ്റില്‍ കെ റെയില്‍ കല്ല് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്; സംഘര്‍ഷം

കോട്ടയം: കെ റെയില്‍ അതിരടയാള കല്ലിടലിനെതിരെ കോട്ടയം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. കളക്ട്രേറ്റിന്റെ പ്രധാന കവാടത്തില്‍ പോലീസ് നിലയുറപ്പിച്ചെങ്കിലും പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി നാല് കവാടങ്ങളിലൂടെ കളക്ട്രേറ്റ് പരിസരത്തിനുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് പ്രതീകാത്മക കെ റെയില്‍ അതിരടയാള കല്ലും സ്ഥാപിച്ചു.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്യാംപിലെ പോലീസുകാര്‍ പോയതിനാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ ആവശ്യത്തിന് പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം നടക്കുകയാണ്. കോട്ടയം നാട്ടാശ്ശേരിയില്‍ രാവിലെ എട്ടരയോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. സര്‍വേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് കടത്തിവിട്ടില്ല. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാകിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തുണ്ട്. പോലീസ് നടപടിയെ തുടര്‍ന്ന് സ്ത്രീകളടക്കം നാട്ടുകാര്‍ സില്‍വര്‍ലൈന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

നാട്ടാശ്ശേരിയില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ കല്ലിടല്‍ തടസ്സപ്പെട്ടിരുന്നു. കോട്ടയം പെരുമ്പായിക്കോടും കല്ലിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇടാന്‍ കൊണ്ടു വന്ന കല്ലുകള്‍ പ്രതിഷേധക്കാര്‍ എടുത്തു കളഞ്ഞു. കുഴി കുത്താന്‍ കൊണ്ടുവന്ന ഉപകരണവും സമരക്കാര്‍ തിരികെ എടുപ്പിച്ചു.കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ സര്‍വേ മാറ്റിവെച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍വേ മാറ്റിവെച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് കല്ലിടല്‍ ഒഴിവാക്കി സര്‍വേ മാത്രം നടത്തുമെന്നാണ് സൂചന. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് കല്ലിടല്‍ താല്‍ക്കാലികമായി മാറ്റിവെച്ചതെന്നാണ് വിശദീകരണം. സര്‍വേ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധവുമായി തമ്പടിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News