മലപ്പുറം:വിമത വ്രവർത്തനവും ഉൾപ്പാർട്ടി അടിയുമുള്ള പാർട്ടിയിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ്.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ റിയാസ് പഴഞ്ഞിയാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്.തന്റെ ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനെ പിന്തുണക്കുമെന്നും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഫേസ്‌ബുക്കിൽ റിയാസ് കുറിച്ചു.
2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും മുന്നണിക്കും ദോഷം വരുത്തുന്ന കാലു വാരലിന്റെയും വിമതപ്രവർത്തനത്തിന്റെയും രൂക്ഷമായ സാഹചര്യങ്ങളായിരുന്നു.ഇതിന് നേതൃത്വം നൽകുന്ന ഒറ്റുകാർ തന്നെ പാർട്ടിയുടെ ഡിസിഷൻ മേക്കേഴ്‌സായും പുതിയ സംസ്ഥാന നേതാക്കളായും അവരോധിക്കപ്പെടുന്ന കാഴ്ച തീർത്തും ആശ്ചര്യകരമായിരുന്നുവെന്നും തന്റെ കുറിപ്പിൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് റിയാസ് പറയുന്നു.
മനസാക്ഷിക്ക് ഒരു നിലക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരത്തിലുള്ള ഉൾപ്പാർട്ടി രാഷ്ട്രീയാനുഭവങ്ങളുടെ ആവർത്തനവും മതനിരപേക്ഷത ഈ കാലഘട്ടത്തിൽ നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്ക അടിസ്ഥാനപരമായ സംഘടനാ സ്വഭാവം കോൺഗ്രസിനില്ല എന്ന പരമമായ ബോധ്യത്തിനാലും പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു.എന്നാൽ മതനിരപേക്ഷ മനസ്സുള്ള ഒരാൾക്കും പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാവുന്ന കാലഘട്ടത്തിലൂടെയല്ല നമ്മൾ കടന്നു പോവുന്നത്.
വർഗ്ഗീയ ശക്തികളും തീവ്രവാദ ശക്തികളും നീചമായ ധ്രുവീകരണനത്തിനായി കഠിന പരിശ്രമം നടത്തുന്ന കാലഘട്ടത്തിൽ , കേരളം ആ പരീക്ഷണത്തിന്റെ ഏറ്റവും അടുത്ത ലക്ഷ്യമായി നീങ്ങുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ തക്ക സംഘടനാ സ്വഭാവവും ജനസ്വാധീനവുമുള്ള ബഹുജന സംവിധാനങ്ങളെ പിന്തുണക്കുക എന്നത് ഒരു കർത്തവ്യമായി തന്നെ കരുതുന്നു. അതിനാൽ രാഷ്ട്രീയത്തെയും മതനിരപേക്ഷ ആശയസംസ്ഥാപനത്തെയും ഗൗരവത്തോടെ സമീപിക്കുന്ന സിപിഎമ്മിനെ പിന്തുണക്കുകയാണെന്നും തന്റെ കുറിപ്പിലൂടെ റിയാസ് വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയരെ പൊതു ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനം അറിയിക്കാനാഗ്രഹിക്കുകയാണ് … കഴിഞ്ഞ 20 വർഷമായി വിദ്യാർത്ഥി -യുവജന രാഷട്രീയ പ്രതലത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകനും പ്രചാരകനുമായിരുന്നുവല്ലോ. പ്രാദേശിക പ്രവർത്തകൻ, ജനപ്രതിനിധി,സംഘടനാ പ്രചാരകൻ എന്നീ മേഖലകളിലെല്ലാം ഇക്കാലയളവിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളോട് കഴിയാവുന്നിടത്തോളം നീതി പുലർത്തിയിട്ടുണ്ട്.
2005 ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള തിരഞ്ഞെടുപ്പുകളിലും ഈ രീതിയിൽ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്. ഇതിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ ഡഉഎ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മൂന്ന് സന്ദർഭങ്ങളിൽ രണ്ട് സന്ദർഭങ്ങളിലും പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഗൗരവതരമായ പങ്കാളിത്തം നിർവ്വഹിച്ചിട്ടുമുണ്ട്.
2005 മുതൽ 2021 വരെയുള്ള ചെറുതല്ലാത്ത ഈ കാലയളവിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ പൊന്നാനിയിലും എരമംഗലം കേന്ദ്രീകരിച്ചുമുള്ള പരമ്പരാഗത ചേരികൾ പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഒറ്റിക്കൊടുത്ത് രാഷ്ട്രീയ എതിരാളികളെ നിർലോഭം സഹായിക്കുന്ന നീചപ്രവർത്തികൾക്ക് നിസഹായരായ കാഴ്ചക്കാരായി മാറേണ്ടി വന്ന തലമുറയായിരുന്നു ഞങ്ങളുടേത്. ചില ഘട്ടങ്ങളിൽ ഈ ഒറ്റുകാരെയെല്ലാം അതിജീവിച്ച് നിഷ്‌കളങ്കരായ പ്രവർത്തകരുടെ കഠിനാധ്വാനത്താൽ പാർട്ടിക്ക് ജയങ്ങളും ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ ഉൾപ്പാർട്ടി ഘടന വെച്ച് ഏതെങ്കിലും ഒരു ചേരിയോട് ചേർന്ന് നിൽക്കാതെ നിവൃത്തിയില്ലെങ്കിലും ഈ രണ്ട് ചേരികളും പല തെരഞ്ഞെടുപ്പുകളിലായി നടത്തിയ പ്രവർത്തക വഞ്ചനയോട് എല്ലാ ഘട്ടത്തിലും പോരാടുക മാത്രമാണ് ചെയ്തത് എന്ന തികഞ്ഞ ബോധ്യമുണ്ട്.
ഏറ്റവും ഒടുവിൽ 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പു പോലും പാർട്ടിക്കും മുന്നണിക്കും അത്യന്തം ദോഷം വരുത്തുന്ന ഈ രീതിയിലുള്ള കാലു വാരലിന്റെയും വിമതപ്രവർത്തനത്തിന്റെയും മൂർത്തമായ സാഹചര്യങ്ങളായിരുന്നു എന്നതും വേദനിപ്പിക്കുന്ന വസ്തുതയായിരുന്നു. ഇതിന് നേതൃത്വം നൽകുന്ന ഒറ്റുകാർ തന്നെ പാർട്ടിയുടെ ഇവിടുത്തെ ഡിസിഷൻ മേക്കേഴ്‌സായും പുതിയ സംസ്ഥാന നേതാക്കളായും അവരോധിക്കപ്പെടുന്ന കാഴ്ച തീർത്തും ആശ്ചര്യകരമായിരുന്നു.
മനസാക്ഷിക്ക് ഒരു നിലക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരത്തിലുള്ള ഉൾപ്പാർട്ടി രാഷ്ട്രീയാനുഭവങ്ങളുടെ ആവർത്തനവും മതനിരപേക്ഷത ഈ കാലഘട്ടത്തിൽ നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്ക അടിസ്ഥാനപരമായ സംഘടനാ സ്വഭാവം കോൺഗ്രസിനില്ല എന്ന പരമമായ ബോധ്യത്തിനാലും രണ്ടു മാസങ്ങൾക്ക് മുൻപ് പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.
അത് ഉറച്ച തീരുമാനമാണെന്ന് പല ഘട്ടങ്ങളിലായി ആവർത്തിച്ചതുമാണ്. എന്നാൽ മതനിരപേക്ഷ മനസ്സുള്ള ഒരാൾക്കും പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാവുന്ന കാലഘട്ടത്തിലൂടെയല്ല നമ്മൾ കടന്നു പോവുന്നത്. വർഗ്ഗീയ ശക്തികളും തീവ്രവാദ ശക്തികളും നീചമായ ധ്രുവീകരണനത്തിനായി കഠിന പരിശ്രമം നടത്തുന്ന കാലഘട്ടത്തിൽ , കേരളം ആ പരീക്ഷണത്തിന്റെ ഏറ്റവും അടുത്ത ലക്ഷ്യമായി നീങ്ങുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ തക്ക സംഘടനാ സ്വഭാവവും ജനസ്വാധീനവുമുള്ള ബഹുജന സംവിധാനങ്ങളെ പിന്തുണക്കുക എന്നത് ഒരു കർത്തവ്യമായി തന്നെ കരുതുന്നു. അതിനാൽ രാഷ്ട്രീയത്തെയും മതനിരപേക്ഷ ആശയസംസ്ഥാപനത്തെയും ഗൗരവത്തോടെ സമീപിക്കുന്ന സിപിഎമ്മിനെ പിന്തുണച്ചു കൊണ്ടും ചേർന്നു നിന്നു കൊണ്ടും പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം പ്രിയപ്പെട്ടരോട് ഈ അവസരത്തിൽ പങ്കു വെക്കുന്നു .