KeralaNews

മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്കിടെ പ്രതിഷേധം, യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷം

മലപ്പുറം: ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക്‌ എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.

പിന്നാലെ ഡിവൈഎഫ് ഐ – സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ കൂടി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റി.  മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. രണ്ട് വിഭാഗവും രണ്ട് സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘർഷാവസ്ഥ പൂർണമായും മാറിയിട്ടില്ല. 

കൊല്ലത്തും പത്തനംതിട്ടയിലും സമാനമായ രീതിയിൽ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് എത്തി. ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന പരാതി ഉയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. 

പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിഖില്‍ പൈലി പിടിയിലായെന്ന് പൊലീസ് അറിയിച്ചിരുന്നു. ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലി പാടിയിലായതെന്ന് പോലീസ് പറയുന്നു. ഇടുക്കിയില്‍ നിന്നും ബസ്സില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കരിമണല്‍ ഭാഗത്തു നിന്നുമാണ് പ്രതി പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സംഘര്‍ഷത്തിനിടെയാണ് കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപസിന് അകത്ത് കെഎസ്യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

കൊലപാതകത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധീരജിന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എസ്ഐഫ്ഐ നേതൃത്വം ആരോപിക്കുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ധീരജിനെ കുത്തിയവര്‍ കൃത്യം നടത്തിയ ശേഷം കാംപസിന് അകത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ധീരജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കൊലപാതകത്തിന് കാരണമെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പൈനാവിലെ എഞ്ചിനിയറിങ് കോളേജ് കാംപസില്‍വെച്ച് കുത്തേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. യാതൊരു പ്രശ്നവും കാംപസില്‍ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്. ധീരജിനെ കൂടാതെ മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനും കുത്തേറ്റു. ഇരുവരെയും ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു വിദ്യാര്‍ഥിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് അറിയിച്ചത്. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമാണെന്നും ഇതില്‍ പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് ആവശ്യപ്പെട്ടു.

അതിഭീകരമാംവിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെ എസ് യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാംപസിനുള്ളില്‍ അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. കെ എസ് യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെയാണെന്നും സച്ചിന്‍ദേവ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button