27.8 C
Kottayam
Tuesday, May 28, 2024

കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്ന് ആരോപണം; ചിന്തൻ ശിബിർ പീഡനപരാതി പോലീസിന് കൈമാറിയില്ല

Must read

തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ച്, വനിതാ നേതാവിനോട് സംസ്ഥാന നിര്‍വാഹക സമിതി അംഗം അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവതിയുടെ പരാതി പുറത്ത്. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഗുരുതരമായ ആരോപണം ഉയര്‍ത്തിയിട്ടും പരാതി പോലീസിന് കൈമാറാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായായിട്ടില്ല.

ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍. നായര്‍ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ക്യാമ്പിലെത്തിയ മറ്റ് വനിതാ പ്രവര്‍ത്തകരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നും യുവതി ദേശീയനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചിന്തന്‍ ശിബിരത്തിനിടെ അമിതമായി മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിന് പുറമെ സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാളോടും മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിവേകിനെ ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍, ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പരാതി കൈമാറാത്ത യൂത്ത് കോണ്‍ഗ്രസ് നടപടി വിമർശനവിധേയമായിട്ടുണ്ട്. പാലക്കാട്ടെ സി.പി.എം. നേതാവും എം.എല്‍.എയുമായിരുന്ന പി.കെ. ശശിക്കെതിരേ പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍ പൊലീസിന് കൈമാറാതിരുന്നതിനെ ഷാഫി പറമ്പില്‍ ചോദ്യം ചെയ്തിരുന്നു. ഇതേ ഷാഫി പറമ്പില്‍ സംസ്ഥാന അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ചാണ് വനിതാ നേതാവ് സഹപ്രവര്‍ത്തകനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

ഇക്കാര്യത്തില്‍ നേതൃത്വം പരാതിയുടെ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. മാത്രമല്ല അങ്ങനെയൊരു പരാതി ലഭിച്ചിട്ടേയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറയുന്നത്. എന്നാല്‍, പലവട്ടം മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിവേക് ആര്‍. നായര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തതെന്ന് ഇതുസംബന്ധിച്ച ദേശീയ നേതൃത്വത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, പ്രശ്നം സംഘടന പരിഹരിക്കുമെന്നാണ് പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നത്. യൂത്ത് കോണ്‍ഗ്രസിനാകെ നാണക്കേടായി മാറിയ സംഭവം നിയമ നടപടികള്‍ക്കായി കൈമാറാതിരുന്നത് ചര്‍ച്ച ആയതോടെയാണ് പരാതി ലഭിച്ചിട്ടേയില്ലെന്ന വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നത്. ക്യാമ്പില്‍ വിവേകിന്റെ ഭാഗത്തുനിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടിയെടുത്തതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിശദീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week