ടേക്ക് ഓഫിന് തയ്യാറായി വിമാനം; പൈലറ്റ് വിൻഡോയിലൂടെ യുവതിയുടെ പേഴ്‌സ് കൈമാറി ഗ്രൗണ്ട്സ്റ്റാഫ്
തിരക്കിനിടയില്‍ നമ്മള്‍ പല പ്രധാനപ്പെട്ട വസ്തുക്കളും മറന്നുപോകുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ബാഗും പേഴ്‌സുമെല്ലാം നഷ്ടപ്പെട്ടവര്‍ ഒരുപാട് പേരുണ്ടാകും. പ്രത്യേകിച്ച് യാത്രകളിലാണ് ഇതു സംഭവിക്കാറുള്ളത്.
ഇത്തരത്തില്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഒരു യുവതി തന്റെ പേഴ്‌സ് മറന്നുപോയി. സാധനസാമഗ്രികള്‍ കയറ്റി അയക്കുന്ന കാര്‍ഗോയിലേക്ക് തന്റെ മറ്റു ബാഗുകള്‍ക്കൊപ്പം യുവതി പേഴ്‌സും നല്‍കുകയായിരുന്നു. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് യുവതി ഈ അബദ്ധം തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പൈലറ്റും ഗ്രൗണ്ട് സ്റ്റാഫും യുവതിയുടെ രക്ഷകരായി. ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുന്ന വിമാനത്തിന്റെ വിന്‍ഡോ തുറന്ന് പൈലറ്റ്, ഗ്രൗണ്ട് സ്റ്റാഫില്‍ നിന്ന് പേഴ്‌സ് വാങ്ങി. പാസഞ്ചര്‍ ബ്രിഡ്ജിന്റെ അറ്റത്തുനിന്ന് ഗ്രൗണ്ട് സ്റ്റാഫ് പൈലറ്റിന് പേഴ്‌സ് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഗ്രൗണ്ട് സ്റ്റാഫിന്റെ കണക്കുകൂട്ടല്‍ പിഴക്കാതെ പേഴ്‌സ് പൈലറ്റിന്റെ കൈയില്‍തന്നെയെത്തി. തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഇതു യുവതിയുടെ സീറ്റിലെത്തിച്ചു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റെഡിറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. പൈലറ്റിനെ അഭിനന്ദിച്ച ആളുകള്‍ വിമാനം വൈകാതിരിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തിനും കൈയടിച്ചു. പൈലറ്റിന്റെ അരികിലുള്ള ഈ വിന്‍ഡോ തുറക്കാനാകുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും ചിലര്‍ കമന്റ് ചെയ്തു.