FeaturedKeralaNews

പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത് കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിനെ ചൊല്ലി തൃശൂരിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം ബിജെപി തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനാണ് കെ എസ് യു പ്രവർത്തകർ എത്തിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ് കുമാർ പറഞ്ഞു. ഒരു മണിക്കൂറിലേറെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.

പ്രധാനമന്ത്രി എത്തിയ തൃശൂർ തേക്കിൻ കാട് മൈതാനത്തിലെ നായ്ക്കനാലിൽ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സുരക്ഷയുടെ പേരിലാണ് രണ്ട് ദിവസം മുമ്പ് വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിൻറെ കൊമ്പുകൾ വെട്ടിമാറ്റിയത്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാനിഷാദ എന്ന പേരിൽ സമരം പ്രഖ്യാപിച്ചത്. ഇതോടൊപ്പം മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാൻ ബിജെപി നേതാക്കളും എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമായി.

പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനെത്തിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് ബി ജെ പി പറഞ്ഞു .പ്രധാനമന്ത്രിയുടെ വരവിൽ അസ്വസ്ഥനായ ടി എൻ പ്രതാപൻ എംപിയാണ് ഈ സമര നാടകത്തിനു പിന്നിലെന്നും ബി ജെ പി ആരോപിച്ചു. 
ഒരു മണിക്കൂറിനു ശേഷം പാടുപെട്ടാണ് പൊലീസ് ഇരു കൂട്ടരേയും സ്ഥലത്തു നിന്നും മാറ്റിയത്. വിശ്വാസികൾ വിളക്കുവെയ്ക്കുന്ന ആൽ മരത്തിൻറെ കൊമ്പുകൾ മുറിച്ച ബി ജെ പിയുടെ നടപടി അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button