തിരുവനന്തപുരം : തവനൂര്‍ മണ്ഡലത്തില്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതില്‍ പ്രതിഷേധം അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഫിറോസിനെ മത്സരിപ്പിക്കുന്നതില്‍ മലപ്പുറം ജില്ലാ കമ്മറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. തിരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് പ്രതിഷേധം ശക്തമാക്കാത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഏജന്‍സികളുടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുന്നത് പാര്‍ട്ടിയെ ഭാവിയില്‍ പ്രതിസന്ധിയിലാക്കും എന്ന് മനസിലാക്കണമായിരുന്നു. എന്ത് കൊണ്ട് ഇത്രയും നന്മകള്‍ ചെയ്യുന്ന വ്യക്തിക്ക് മുസ്ലീംലീഗ് അവരുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല.
ഫിറോസ് കുന്നംപറമ്പില്‍ അല്ലാതെ മറ്റാരായിരുന്നാലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ അവിടെ വിജയിക്കുമായിരുന്നു. മലപ്പുറം ഡി.സി.സിയോ അവിടുത്തെ പ്രാദേശിക കമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താല്‍പ്പര്യമാണ് ഈ സീറ്റ് നല്‍കുന്നതിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുവാന്‍ താത്പ്പര്യമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂര്‍ പറഞ്ഞു.