തിരുവനന്തപുരം: വ്യത്യസ്ത മതത്തിലുള്ളവർ തമ്മിൽ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഭാര്യ ദീപ്തിയുടെ സഹോദരൻ ദാനിഷാണ്.
ഒക്ടോബർ 31നാണ് കൊലപാതക ശ്രമം നടന്നത്. മർദനത്തിൽ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മിഥുൻ.
മിഥുനും ദീപ്തിയും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒക്ടോബർ 29ന് ഇരുവരും വിവാഹം കഴിച്ചു. വീട്ടുകാരുടെ പരാതിയിൽ ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ഭർത്താവിനൊപ്പം പോകണമെന്ന് ദീപ്തി പറഞ്ഞതോടെ കേസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പായതാണ്.
ഇതിന് ശേഷം സഹോദരൻ ഇരുവരേയും നേരിൽ കാണാനെത്തി. വീട്ടുകാരുമായി സംസാരിച്ച് വിവാഹം നടത്താം മതം മാറേണ്ടതില്ലെന്ന് പറഞ്ഞാണ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവിടെ വെച്ച് മിഥുനിനോട് പണം തരാം ഒഴിഞ്ഞ് പോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും മിഥുൻ വഴങ്ങിയില്ല.
മിഥുന് സാമ്പത്തികശേഷിയില്ലെന്നും സ്വന്തമായി ഒരു വീടുപോലുമില്ലാത്തയാളാണെന്നും ദീപ്തിയോടും സഹോദരൻ പറഞ്ഞു. ഒരു വാക്ക് പറഞ്ഞാൽ പണം കൊടുത്ത് മിഥുനെ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും ദീപ്തി ഭർത്താവിനൊപ്പം പോകണമെന്ന് തീരുമാനിക്കുകയായിരുന്നു.
എറണാകുളത്ത് ഡോക്ടറാണ് ദാനിഷ്. അമ്മയെ ഒന്ന് വീട്ടിൽ വന്ന് കണ്ട ശേഷം പോകാം എന്ന് പറഞ്ഞാണ് മിഥുനേയും തന്നെയും ഒപ്പം കൂട്ടി പോയതെന്നും വീടിന് സമീപത്ത് എത്തിയപ്പോൾ വാഹനം നിർത്തി പുറത്തിറങ്ങി മിഥുനിനെ മർദിക്കുകയായിരുന്നുവെന്നും ദീപ്തി പറയുന്നു.
മിഥുനിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച തനിക്ക് മുഖത്തും കവിളിലും വയറ്റിലും മർദനമേറ്റതായി ദീപ്തി പറഞ്ഞു. സഹോദരനെതിരേ ചിറയൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്നും പരാതിയിൽ പറയുന്നു. ജാതി വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.