പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി; നടുറോഡിലിട്ട് തല്ലിച്ചതച്ച് സ്ത്രീകള്‍

വിശാഖപട്ടണം: പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയയാളെ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നടുറോഡിലിട്ട് തല്ലിച്ചതച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മല്‍ക്കാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ സ്ത്രീകള്‍ കൂട്ടത്തോടെ എത്തിയാണ് നടുറോഡിലിട്ട് മര്‍ദിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, സന്നദ്ധ സംഘടനയുടെ ഓഫിസും പൂട്ടി സീല്‍ ചെയ്തു.

ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും പഠനോപകരണങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്ത ചിന്നറാവുവിന്റെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു.

പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. പ്രദേശത്തെ മാര്‍ക്കറ്റില്‍വെച്ചാണ് സ്ത്രീകള്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് സംഘം ചേര്‍ന്ന് മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നല്ലരീതിയില്‍ കൈകാര്യം ചെയ്തതിനു ശേഷമാണ് ഇയാളെ സ്ത്രീകള്‍ പോലീസിനു കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News