ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സൃഹൃത്തിന്റെ വീട്ടില്‍ പാര്‍പ്പിക്കുകയും ചെയ്ത കേസില്‍ കാമുകന്‍ അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ കെ ജെ നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസില്‍ നിന്ന് എരുമേലി സ്റ്റാന്‍ഡില്‍ ഇറങ്ങിയ പെണ്‍കുട്ടി മാതാവിനോടു വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു.

മാതാവിന്റെ പരാതിയില്‍ അന്നു തന്നെ പൊലീസ് കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശ പ്രകാരം മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ സുഹൃത്തിന്റെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയില്‍ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ അവിടെയാക്കിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു.

2019ലാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. 3 വര്‍ഷത്തിനിടെ പലയിടങ്ങളില്‍ കൊണ്ടുപോയി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News