പാട്ന:പ്രായപൂര്‍ത്തിയാകാത്തവരുള്‍പെടെ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടെന്ന പരാതിയില്‍ യുവാവിനെ പൂര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തു.
കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാദമാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോഹര്‍ എന്ന മുഹമ്മദ് സംശാദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന സംശാദിനെ ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ബഹാദുര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊയ്ഡങ്കി ഗ്രാമത്തില്‍ നിന്നാണ് അംഗാര്‍ഹ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ 2015 ഡിസംബര്‍ എട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതി ഒളിവിലായിരുന്നുവെന്നും അംഗര്‍ഹ് എസ്‌എച്‌ഒ പൃഥ്വി പാസ്വാന്‍ പറഞ്ഞു.
2015 നവംബര്‍ 27 ന് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ വിവാഹം കഴിക്കാനെന്ന വ്യാജേന സംശാദ് തട്ടിക്കൊണ്ടുപോയതായി കാണിച്ച് അംഗര്‍ഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജ്വാര്‍ സ്വദേശിയായ മുഹമ്മദ് ഹസീബ് പരാതി നല്‍കിയതായി സ്റ്റേഷന്‍ മേധാവി പറഞ്ഞു. പിന്നീട്, കിഷന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗകില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെടുത്തു. അന്ന് സംശാദ് ഒളിവില്‍ പോയിരുന്നെന്നും പൊലീസിനെ പറ്റിച്ച് കടന്നുകളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചോദ്യം ചെയ്യലില്‍ സംശാദ് തന്റെ പ്രവര്‍ത്തനരീതി വെളിപ്പെടുത്തി. ഇയാള്‍ 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ എട്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിരപരാധികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനായി സംശാദ് സ്വയം പരിചയപ്പെടുത്തുകയും പിന്നീട് വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
പെണ്‍കുട്ടികളെല്ലാം മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. കിഷന്‍ഗഞ്ച് ജില്ലയിലെ താക്കൂര്‍ഗഞ്ചിലെ ചുവന്ന തെരുവില്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിയില്‍ ഏര്‍പെടാന്‍ നിര്‍ബന്ധിച്ചിരുന്നതായി ഇയാള്‍ സമ്മതിച്ചു. പണത്തിനായി പെണ്‍കുട്ടികളെ ബംഗാളില്‍ വിറ്റതായും പറഞ്ഞു. 12 പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ അംഗാര്‍ഹ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ളവരും 10 പേര്‍ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ളവരുമാണ്. എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്’, പൊലീസ് പറഞ്ഞു.