തിരുവനന്തപുരത്ത് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: തുമ്പയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷ് (26) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. അസം സ്വദേശിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 12.30 ഓടെ കുളത്തൂർ ചിത്തിര നഗറിലായിരുന്നു സംഭവം. തുമ്പയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അനീഷ് പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ഇയാള്‍ യുവതിയെ തള്ളിതാഴെയിട്ടു. പിന്നീട് യുവതി ജോലി ചെയ്ത സ്ഥലത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് അനീഷിനെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News