ഹൈദരാബാദ്:ഒരേ സമയം ആറു ഭാര്യമാരുള്ള ആന്ധ്രാപ്രദേശ് യുവാവ് പിടിയിലായി. സ്ത്രീകളെ വിവാഹം ചെയ്ത് വഞ്ചിച്ച കുറ്റത്തിന് കൊണ്ടാപ്പൂർ സ്വദേശി അടപ ശിവശങ്കര ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ബേതപുഡി സ്വദേശിയാണ് അയാൾ.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി കുറഞ്ഞത് ആറു സ്ത്രീകളെയെങ്കിലും, ഇയാൾ പറഞ്ഞു പറ്റിച്ച് വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. അതിലൊരു ഇരയിൽ നിന്ന് ജൂലൈ 17 -ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ഗച്ചിബൗളി പൊലീസ് ഈ വിവാഹ തട്ടിപ്പ് വീരനെ അഴിക്കുള്ളിലാക്കിയത്.
വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, മുൻവിവാഹങ്ങൾ മറച്ചുവെച്ച് വിവാഹം കഴിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതി അഡപ ശിവ് ശങ്കർ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഗച്ചിബൗളി പൊലീസ് ഇൻസ്പെക്ടർ ജി സുരേഷ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി അയാളുടെ ജോലി ഇതാണ്. വിവാഹമോചിതരായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. മാട്രിമോണിയൽ സൈറ്റുകൾ സന്ദർശിച്ച് അവിടെ നിന്നാണ് അയാൾ വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തുന്നത്. അവരുടെ വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം പതിയെ അവരുമായി പ്രതി സൗഹൃദം സ്ഥാപിക്കുന്നു.
അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ് താനെന്ന് പറഞ്ഞാണ് അയാൾ അവരുടെ മുന്നിൽ എത്തുന്നത്. തനിക്ക് മാസം ലക്ഷങ്ങൾ ശമ്പളമുണ്ടെന്നും, താൻ വലിയ സ്ഥിതിയിലാണെന്നും എല്ലാം പറഞ്ഞാണ് അയാൾ സ്ത്രീകളെ കബളിപ്പിക്കുന്നത്.
ഒടുവിൽ സ്ത്രീകൾ അയാളുടെ വലയിൽ വീണു എന്ന് ഉറപ്പായാൽ അയാൾ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ സമീപിക്കുന്നു. ഒടുവിൽ വിവാഹം കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാര്യയുടെ പണവും സ്വർണവുമായി അപ്രത്യക്ഷനാവുകയും ചെയ്യുന്നു. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത് എന്ന് പൊലീസ് പറയുന്നു.
കൊണ്ടാപ്പൂരിൽ നിന്നുള്ള ഒരു സ്ത്രീയായിരുന്നു അയാളുടെ ഒടുവിലത്തെ ഇര. മറ്റ് സ്ത്രീകളെ പോലെ ഒരു മാട്രിമോണിയൽ സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ കണ്ട് വിവാഹം കഴിച്ചതാണ് യുവതി. 2021ലായിരുന്നു അവർ കണ്ട് മുട്ടിയത്. വിവാഹശേഷം എന്നാൽ അധികം താമസിയാതെ അയാൾ അപ്രത്യക്ഷനായി.
വിവാഹത്തിന് ലഭിച്ച 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് അയാൾ മുങ്ങിയത്. തുടർന്ന് കഴിഞ്ഞ ആഴ്ച യുവതി പൊലീസിനെ സമീപിച്ചു. സ്ത്രീധനമായി ലഭിച്ച പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് ഇയാൾ ഒളിച്ചോടിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
ഇയാളുടെ മുൻ ഇരകളിൽ ഒരാൾ സമാനമായ കഥ ചൂണ്ടിക്കാട്ടി ആർസി പുരം പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പൊലീസ് നടപടിയെടുക്കുകയും പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇനിയും കൂടുതൽ സ്ത്രീകൾ അയാളുടെ വലയിൽ വീണിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.