വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐയെ കടന്നു പിടിച്ചു; യുവാവ് പിടിയില്‍

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്ഐയെ കടന്നു പിടിച്ച യുവാവ് പോലീസ് പിടിയില്‍. ഇയാളെ വനിതാ എസ്ഐ തന്നെയാണ് ജീപ്പില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മാവൂര്‍ റോഡില്‍ വെള്ളിപ്പറമ്പ് ആറാം മൈലിനു സമീപം കേസിന് ആസ്പദമായ സംഭവം നടന്നത്.

വാഹന പരിശോധനയ്ക്കായി റോഡരികില്‍ കാത്തു നിന്ന വനിതാ എസ്‌ഐയെ ഷെറില്‍ കടന്നു പിടിക്കുകയായിരുന്നു. റോഡരികില്‍ പൊലീസ് സംഘം നില്‍ക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്‌ഐയുടെ സമീപത്ത് എത്തി അവരെ കടന്നു പിടിച്ചു. തുടര്‍ന്ന് അയാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വനിതാ എസ്‌ഐ ജീപ്പില്‍ പിന്തുടര്‍ന്ന് ഒരു കിലോമീറ്ററിന് അപ്പുറത്ത് വെച്ച് ഷെറിലിനെ പിടികൂടി.

ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിര്‍ത്തിയാണ് എസ്ഐ ഷെറിലിനെ പിടികൂടിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ സിഐ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഷെറില്‍ നേരത്തെ അബ്കാരി കേസില്‍ പ്രതി ആയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയുടെ മുന്‍പാകെ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News