വിശാഖപട്ടണം: വിശാഖപട്ടണത്ത് കാണാതായ യുവതിക്ക് വേണ്ടി അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ച് തിരച്ചില്‍. ഒടുവില്‍ താന്‍ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ച് യുവതി രംഗത്ത്. വിശാഖപട്ടണത്തെ ബീച്ചില്‍വെച്ചാണ് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ സായി പ്രിയയെ കാണാതാവുന്നത്.
തുടര്‍ന്ന് ആന്ധ്ര സര്‍ക്കാര്‍ അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് രണ്ടുദിവസത്തോളം സായി പ്രിയക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. ചേതക് അടക്കം അത്യാധുനിക ഹെലികോപ്റ്റര്‍ സംവിധാനങ്ങളും സായി പ്രിയക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രയോജനപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഏവരേയും വെട്ടിലാക്കി താന്‍ കാമുകനൊപ്പം പോയതാണെന്ന് സായി പ്രിയ മാതാപിതാക്കളെ വിവരമറിയിക്കുന്നത്. യുവതി എല്ലാവരേയും വഞ്ചിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ സമയവും അദ്ധ്വാനവും പാഴാക്കിയെന്നുമാണ് ഇത് സംബന്ധിച്ച് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുപത്തൊന്നുകാരിയായ സായി പ്രിയയെ ശ്രീനിവാസറാവു വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് വിശാഖപട്ടണത്ത് സഞ്ജീവയ്യ നഗര്‍ കോളനിയില്‍ ദമ്പതികള്‍ താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച്ച രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന് സിംഹചലാം ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ സായി പ്രിയയും ശ്രീനിവാസറാവുവും. വൈകുന്നേരം ആര്‍കെ ബീച്ചിലെത്തുകയായിരുന്നു. അവിടെ നിന്ന് ഏഴുമണിമുതല്‍ സായി പ്രിയയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് ശ്രീനിവാസറാവു അറിയിച്ചത്. തുടര്‍ന്ന് സായി പ്രിയയുടെ മാതാപിതാക്കളേയും പൊലീസിനെയും ശ്രീനിവാസറാവു വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കാണാതായ സായി പ്രിയയെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്കി. ചേതക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് കോസ്റ്റ്ഗാര്‍ഡ് യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.
അതിനിടെയാണ് ബുധനാഴ്ച്ച പൊലീസ് സായി പ്രിയയെ കാമുകനൊപ്പം നെല്ലൂര്‍ ജില്ലയില്‍ കണ്ടെത്തുന്നത്. വിശാഖപട്ടണത്തുള്ള സുഹൃത്തുവഴിയാണ് സായി പ്രിയ താന്‍ കാമുകനൊപ്പമാണെന്ന് മാതാപിതാക്കളെ വിവരമറിയിച്ചത്. തന്നെ കാണാതായ ദിവസം ബീച്ചില്‍ നിന്നും രവി എന്ന ആളിന്റെ കൂടെ പോയതാണെന്ന് സായി പ്രിയ പൊലീസിനോട് വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയതെന്ന് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.