ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന ആവശ്യവുമായി യുവതി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറുകയായിരുന്നു. തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി. ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു.
കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ കയറിപ്പോയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
അതേസമയം മണ്ഡല ഉത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ കടത്തിവിടും. കാലാവസ്ഥ മോശമായതിനാല്‍ ആദ്യ മൂന്നു ദിവസം തീര്‍ത്ഥാടകര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിച്ചു.
തുടര്‍ന്ന് പുതിയ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേറ്റു.സ്‌പോട്ട് ബുക്കിങ് ഇല്ലവെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ബുക്ക് ചെയ്ത ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം.
തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിനെത്താം.പമ്പാ സ്‌നാനം അനുവദിക്കില്ലജില്ലയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 34 ദിവസങ്ങളില്‍ ശബരിമലയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദേശമുണ്ട്.