കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച യുവതി പിടിയിൽ. ആലുവ സ്വദേശിനി ആതിരയാണ് പിടിയിലായത്. എറണാകുളം തൈക്കൂടം വെള്ളേപ്പറമ്പില്‍ വീട്ടില്‍ മേരി ടിനു ജേക്കബിന്റെ സ്വര്‍ണ്ണാഭരണമാണ് സുഹൃത്ത് ആതിര കവര്‍ന്നത്.
ആറ് വര്‍ഷം മുന്‍പ് ഒരു കമ്പ്യൂട്ടര്‍ പഠന സ്ഥാപനത്തില്‍ വെച്ചാണ് മേരി ടിനു ജേക്കബും പ്രതിയായ ആതിരയും പരിചയപ്പെടുന്നത്. മൂന്ന് മാസത്തെ പഠന കാലത്തിന് ശേഷം ഇവർ തമ്മില്‍ പ്രത്യേക സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല.
ആറ് വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രതിയായ ആതിര ഫേസ്ബുക്കിലൂടെ മേരിയുമായി വീണ്ടും സൗഹൃദത്തിൽ ആകുന്നത്. തുടര്‍ന്ന് രണ്ട് തവണ മേരിയുടെ തൈക്കൂടത്തെ വീട്ടില്‍ ആതിരയെത്തി. ഈ മാസം പതിനഞ്ചിനായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. അന്നാണ് കേസിനാധാരമായ മോഷണം സംഭവിച്ചത്.
ശുചിമുറിയില്‍ പോകാനെന്ന വ്യാജേന മേരിയുടെ മുറിയില്‍ കയറി അലമാരയില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണ്ണം കൈക്കലാക്കി ആതിര തിരികെ മടങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം മേരി തിരിച്ചറിയുന്നത്. തുടര്‍ന്ന് ആതിരയെ ഫോണില്‍ വിളിച്ചു. സ്വര്‍ണ്ണം മോഷ്ടിച്ച് വിറ്റുവെന്ന് ആതിര തുറന്നു സമ്മതിച്ചു.
പിന്നീട് മേരി മരട് പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ ആതിരയെ അറസ്റ്റ് ചെയ്തു. മേരി ടിനു ജേക്കബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആതിരയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.
പ്രതിക്കെതിരെ വീട്ടില്‍ കടന്നുകയറിയുള്ള മോഷണത്തിന് ജാമ്യമില്ലാക്കുറ്റം ചുമത്തി. അതിക്രമിച്ച് കയറിയെന്ന കുറ്റവും ചേര്‍ത്താണ് മരട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി – 9ല്‍ ഹാജരാക്കിയ ആതിരയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.