തിരുവനന്തപുരം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കമുകിന്‍കോട് ശബരിമുട്ടത്ത് 14കാരി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) ആണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴുത്തിലും കൈയിലും ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ ഗുരുതരമാണെന്നാണ് വിവരം.
അതേസമയം ജോമോന്‍ റിമാന്‍ഡിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് ജോമോന്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്റെ സെല്ലിനുള്ളില്‍ കഴുത്തും കൈയും മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ യുവാവിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പോലീസ് പറഞ്ഞിട്ടുള്ളത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നും ലഭിച്ചുവെന്നു വ്യക്തമല്ല. വെള്ളിയാഴ്ചയാണ് കമുകിന്‍കോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വഴക്കിട്ടു പിരിഞ്ഞുവെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു.
മരണം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജോമോന്‍, പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസിനു മൊഴി ലഭിച്ചു. തുടര്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണാ തുടങ്ങിയ വകുപ്പുകള്‍ ജോമോനെതിരേ ചുമത്തിയിരുന്നു.