കോട്ടയത്ത് സഹോദരും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ പരേതനായ ഷാജിയുടെ മകന്‍ വിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴപ്പള്ളി വില്ലേജ് ഓഫീസിനു സമീപം വാര്യത്ത്ക്കുളത്തിലാണ് (തിരുവെങ്കിടപുരം ക്ഷേത്രക്കുളം) സംഭവം. അനിയന്‍ കണ്ണനൊപ്പവും സുഹൃത്തുക്കള്‍ക്കുമൊപ്പം നീന്തല്‍ പഠിക്കുന്നതിനായാണ് വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തുള്ള കുളത്തില്‍ എത്തിയത്.

കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണു ഇവരില്‍ നിന്നു കുളത്തിന്റെ ആഴമുള്ള ഭാഗത്തേയ്ക്ക് നീങ്ങിപ്പോകുകയും വിഷ്ണു താഴ്ന്നു പോകുന്നത് കണ്ട് മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി വിഷ്ണുവിനെ കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ചങ്ങനാശേരി അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. വിഷ്ണുവും സഹോദരന്‍ കണ്ണനും സുഹൃത്തുക്കളും കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനും കുളിയ്ക്കുന്നതിനും എത്തുന്നത് പതിവായിരുന്നെന്ന് പോലീസ്
പറഞ്ഞു. ചങ്ങനാശേരി ഹോര്‍ട്ടികോര്‍പ്പിലെ ജീവനക്കാരാനായിരുന്നു വിഷ്ണു.

ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: സതി. സഹോദരി: ഐശ്വര്യ. ഭാര്യ: പ്രീതി. ഏകമകള്‍: ദക്ഷ. സംസ്‌കാരം പിന്നീട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News