കൊല്ലം: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ പോലീസിന്റെ കുരുക്ക് മുറുകുന്നു. ബൈക്ക് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്നും കൈകാണിക്കാതെയാണു ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയതെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി. ലാത്തി ടയറില്‍ കുടുങ്ങിയാണു ബൈക്ക് മറിഞ്ഞതെന്നും യുവാവ് വ്യക്തമാക്കി. ലാത്തികൊണ്ട് ഏറു കൊണ്ട യുവാവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന കാറിലിടിച്ചതാണു പ്രശ്‌നമായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴക്കുംഭാഗം സ്വദേശി സിദ്ദിക്ക് (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തലയ്ക്കും മുഖത്തുമാണു ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കടയ്ക്കല്‍- മടത്തറ പാതയില്‍ കാഞ്ഞിരത്തുംമൂട് ഭാഗത്തെ വളവിലായിരുന്നു സംഭവം. പോലീസിന്റെ സ്ഥിരം വാഹനപരിശോധനാകേന്ദ്രമാണ് ഇവിടം. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.