അരൂര്‍: കുമ്പളം ടോള്‍ പ്ലാസയില്‍ യുവാവിന് ജീവനക്കാരുടെ ക്രൂര മര്‍ദനം. വിപിന്‍ വിജയകുമാര്‍ എന്ന എറണാകുളം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. കാറിന്റെ ഗ്ലാസ് തകര്‍ത്തതായും പരാതിയുണ്ട്. പനങ്ങാട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ടോള്‍ അടച്ചതിന്റെ രസീത് ചോദിച്ചതിനാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്.
ആലപ്പുഴയിലേക്ക് പോകുന്ന ഇയാളുടെ ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് എടിഎം കാര്‍ഡ് നല്‍കി പണം ഈടാക്കാന്‍ ആവശ്യപ്പെട്ടു. ഒരു പ്രാവശ്യം സ്വയ്പ് ചെയ്ത ശേഷം ശരിയായില്ലെന്ന പറഞ്ഞ ജീവനക്കാരന്‍ വീണ്ടും സ്വയ്പ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഇയാള്‍ ആദ്യത്തെ പണമിടപാടിന്റെ രസീത് ആവശ്യപ്പെട്ടു.
കള്ളി പിടിക്കപ്പെട്ടെന്ന് മനസിലാക്കിയ ജീവനക്കാരന്‍ ഇദ്ദേഹത്തോട് കടന്ന് പോകാന്‍ പറഞ്ഞു. വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ക്രോസ് ബാര്‍ താഴ്ത്തി. ക്ഷമ ചോദിച്ച ജീവനക്കാരന്‍ വീണ്ടും വണ്ടി എടുത്തപ്പോള്‍ ക്രോസ് ബാര്‍ താഴ്ത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങിയ വിപിന്‍ കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ കാബിനില്‍ നിന്ന് ഇറങ്ങി വന്ന് ജീവനക്കാരന്‍ കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തു. മറ്റ് ജീവനക്കാരും ഇദ്ദേഹത്തെ മര്‍ദിച്ചു. പുറത്തും കൈയിലും മുഖത്തും പരുക്കുണ്ട്.
പോലീസിന്റെ ഭാഗത്ത് നിന്നും സംഭവത്തില്‍ അലംഭാവമുണ്ടായി. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയെന്നും ഗതാഗതം തടസപ്പെടുത്തിയതിനാല്‍ വിപിന്റെ നേരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം.