കുളച്ചൽ തീരത്ത് യുവാവിന്റെ മൃതദേഹം;ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതെന്ന് സംശയം

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പോലീസ് കുളച്ചലിലേക്ക് തിരിച്ചു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെഭാഗമായാണ് വിഴിഞ്ഞം പോലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.കിരണിനെ ശനിയാഴ്ച ഉച്ചയ്‌ക്ക് 1.30ന്‌ ശേഷമാണ് കാണാതായത്. അന്ന് ഫേസ്ബുക്ക്‌വഴി പരിചയപ്പെട്ട വിഴിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ കാണാനായിട്ട് നരുവാമൂട് സ്വദേശിയായ കിരൺ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു.

എന്നാൽ വീടിന് മുന്നിൽവച്ച് പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ മർദിച്ചെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമാണ് ഒപ്പമുണ്ടായിരുന്ന യുവാക്കൾ പൊലീസിനു നൽകിയ മൊഴി.ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News