ലക്‌നൗ: തനിക്ക് വധുവിനെ കണ്ടെത്തി നല്‍കണമെന്ന വ്യത്യസ്ത ആവശ്യവുമായി 26കാരനായ യുവാവ് പോലീസ് സ്‌റ്റേഷനില്‍. ഉത്തര്‍പ്രദേശില്‍ കൈരാനയിലെ അസിം മന്‍സൂരിയാണ് യു.പി പോലീസിനെ സമീപിച്ചത്. പൊതുജന സേവനത്തിന്റെ ഭാഗമായി കണക്കാക്കി പോലീസ് വധുവിനെ കണ്ടെത്തണമെന്നാണ് യുവാവിന്റെ ആവശ്യം.
കോസ്‌മെറ്റിക് ഷോപ്പ് നടത്തുന്ന ആളാണ് അസിം. രണ്ടടിയാണ് അസീമിന്റെ ഉയരം. എന്നാല്‍ ഓരോ തവണയും വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകള്‍ അസിമിന്റെ ഉയരത്തെ ചൊല്ലി മുടങ്ങാറാണ് പതിവ്. തുടര്‍ന്ന് ഒറ്റക്കുള്ള ജീവിതവും നിരന്തര അവഗണനകളും മടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അസിം പോലീസിനെ സമീപിച്ചത്.
കുടുംബത്തില്‍ അഞ്ചുമക്കളില്‍ ഏറ്റവും ഇളയ മകനാണ്. അഞ്ചുവര്‍ഷമായി വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ആസിമിന് അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. ഉയരത്തെ ചൊല്ലി സഹപാഠികളില്‍നിന്നും മറ്റും അവഹേളനങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നതോടെയാണ് ആസിം പഠനം നിര്‍ത്തിയത്. അതേസമയം അസിമിന് 21 വയസ് തികഞ്ഞതോടെ വീട്ടുകാര്‍ വിവാഹാലോചന തുടങ്ങി. ഉയരത്തെ ചൊല്ലി ആലോചനകളെല്ലാം മുടങ്ങുകയായിരുന്നുവെന്ന് സഹോദരന്‍ അഭിപ്രായപ്പെട്ടു.
അസിം പോലീസ് സ്‌റ്റേഷനിലെത്തുന്നത് ബുധനാഴ്ചയാണ്. ഇതേ ആവശ്യവുമായി നേരത്തേ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അസിം സമീപിച്ചിരുന്നു. എട്ടുമാസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതേ ആവശ്യമുന്നയിച്ച് അസിം കത്തെഴുതിയിരുന്നു.’ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് അറിയില്ല, എന്നാല്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും’ -ശമ്‌ലി കോട്‌വാലി എസ്.എച്ച്.ഒ സത്പാല്‍ സിങ് പറഞ്ഞു.