32.8 C
Kottayam
Saturday, April 27, 2024

കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Must read

തിരുവനന്തപുരം: കല്ലറ പാങ്ങോട് പുലിപ്പാറയിൽ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻ വീട്ടിൽ പരേതയായ ബേബിയുടെയും സന്തോഷിന്റെയും മകൻ ഉണ്ണി (21), കല്ലറ പാങ്ങോട് പുലിപ്പാറ ശാസ്താകുന്ന് സിമി ഭവനിൽ സുമി (18) എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 
ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഉണ്ണിയും സുമിയും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അകന്ന ബന്ധുകൂടിയായ ഉണ്ണി സുമിയുടെ വീട്ടിലാണ് രണ്ടുവർഷമായി കഴിഞ്ഞു വന്നിരുന്നത്. എന്നാൽ കുറച്ച് നാളായി ഇരുവരും തമ്മിൽ ഇടക്ക് പിണങ്ങി.  മറ്റൊരു യുവാവുമായി ബന്ധം ആരോപിച്ച് ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിരുന്നു. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് കഴിക്കുകയും ചെയ്തിരുന്നു. 

തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.  ഈ സംഭവങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മിൽ വീണ്ടും സംസാരിക്കുന്നത്. ഇന്നലെ സുമിയുടെ വീട്ടിലേക്ക് ജെസിബി ഡ്രൈവറായ അഞ്ചൽ സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയിരുന്നു. ഇയാളുമായി സുമിക്ക് ബന്ധം ഉള്ളതായാണ് ഉണ്ണി ആരോപിച്ചിരുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചതായാണ് പറയഞ്ഞത്. 

പിന്നീട് രാത്രിയിൽ കാര്യങ്ങൾ സംസാരിക്കാൻ എന്ന് പറഞ്ഞ് ഉണ്ണി സുമിയുമായി പുറത്തേക്കിറങ്ങി. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. 

സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിിയിട്ടുണ്ട്. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week