പൂവാലശല്യം ചോദ്യം ചെയ്തതിന് ശാരീരിക ഉപദ്രവം; വസ്ത്രം വലിച്ചു കീറി: ഡല്‍ഹിയില്‍ യുവതികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നെഹ്റു പ്ലേസില്‍ പൂവാലശല്യം ചോദ്യം ചെയ്ത യുവതികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികളാണ് അതിക്രൂരമായ ആക്രമണവും വംശീയ അധിക്ഷേപവും നേരിട്ടത്. ശാരീരികമായി ഉപദ്രവിച്ച പ്രതികള്‍ യുവതികളുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. അസം സ്വദേശിനിയും ബിഹാര്‍ സ്വദേശിനിയുമായ യുവതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൂവാലശല്യം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം അക്രമിസംഘം ശാരീരികമായി ഉപദ്രവിക്കുന്നതിലേക്കും വസ്ത്രം വലിച്ചുകീറുന്നതിലേക്കും എത്തിക്കുകയായിരുന്നു. ചായക്കടയ്ക്ക് സമീപം വച്ച് ഒരു സംഘം പുരുഷന്മാര്‍ തങ്ങളെ മോശം പരാമര്‍ശങ്ങള്‍ നടത്തി പരിഹസിച്ചതായും ഇത് ചോദ്യം ചെയ്തതോടെ മുളവടികള്‍ കൊണ്ട് അടിച്ചതായുമാണ് യുവതികളുടെ പരാതി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും യുവതികള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ കല്‍ക്കാജി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ യുവതികളെ എയിംസില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദനം, തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News