നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകൾ കർവേലിക്കോളനിയിൽ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയിൽ അടുത്തടുത്ത പറങ്കിമാവുകളിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാത്രി ഒമ്പതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടവിവരം പൊലീസിനെ അറിയിച്ചത്.
ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതൽ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടിരുന്നതായും ഇപ്പോൾ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു.
ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച് ബന്ധുക്കൾക്കും അറിവില്ല. അൽഫോൺസൺ - വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.