ബൈക്കിൽ സഞ്ചരിക്കവെ പട്ടം നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് യുവ എഞ്ചിനീയർ മരിച്ചു; ദാരുണ മരണത്തിന് പിന്നിൽ നിരോധിച്ച ഗ്ലാസ് പുരട്ടിയ മാഞ്ചാ നൂൽ

ന്യൂഡൽഹി: പശ്ചിമ വിഹാറിൽ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബുദ്ധ വിഹാർ സ്വദേശി മാനവ് ശർമ (28) ആണ് മരിച്ചത്. ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂലാണ് സിവിൽ എൻജിനീയറായ മാനവ് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകുന്നതിനിടെ കഴുത്തിൽ കുരുക്കിയത്.

വെള്ളിയാഴ്ച പശ്ചിമ വിഹാർ പ്രദേശത്തെ ഫ്‌ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂൽ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മാനവ് ശർമയുടെ കഴുത്തിൽ ചുറ്റുകയും തൊണ്ടയിൽ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു.

സ്‌കൂട്ടറിൽ നിന്നും വീണ മാനവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൂൽ കുരുങ്ങി മുറിവേറ്റ് മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയിരുന്നതായി ഡോക്ടർമാർ പറയുന്നു. ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള മാഞ്ചാ നൂൽ എന്നറിയപ്പെടുന്ന ചൈനീസ് പട്ടമാണ് ദാരുണ അപകടത്തിനു ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ചതാണ് ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ഇത്തരം നൂലുകൾ. ഇത്തരം പട്ടങ്ങളുടെ നിർമാണവും വിതരണവും രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ നഗരത്തിൽ പട്ടത്തിന്റെ നൂലു കുടുങ്ങി 15 അപകടങ്ങൾ നടന്നതായി ഡൽഹി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News