തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗിക പീഡനാരോപണത്തില്‍ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആരോപണങ്ങള്‍ നടി അന്വേഷണ സംഘത്തിന് മുന്നിലും ആവര്‍ത്തിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച സന്ദേശങ്ങളും മറ്റ് വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
മൂന്നര വര്‍ഷം മുന്‍പ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിനെ പരിചയപ്പെട്ടതെന്നും, തുടക്കം മുതല്‍ മോശം സന്ദേശങ്ങളായിരുന്നു ലഭിച്ചതെന്നും നടി മൊഴി നല്‍കി. ആരോപണവിധേയനെ താന്‍ പലതവണ ഉപദേശിച്ചിട്ടുണ്ടെന്നും ദേഷ്യപ്പെട്ട് നോക്കിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ വലിയ സ്ത്രീപീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയനേതാക്കന്‍മാര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്നായിരുന്നു യുവനേതാവിന്റെ മറുചോദ്യം. ഒരു ദിവസം ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടു, അന്ന് ക്ഷുഭിതയായി സംസാരിച്ചു, അതിനു ശേഷം കുറച്ചുകാലത്തേക്ക് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
രാഹുലിന്റെ സ്വഭാവത്തെക്കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍, ‘അതവന്റെ കഴിവ്’ എന്നായിരുന്നു മറുപടിയെന്നും റിനി വെളിപ്പെടുത്തി. ഈ മറുപടി നല്‍കിയ നേതാക്കളുടെ പേര് നിലവില്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാങ്കൂട്ടത്തില്‍ എംഎല്‍എ ഇരകളിലൊരാളെ ഗര്‍ഭഛിദ്രം നടത്തിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നാണ് രാഹുലിനെതിരായ നിര്‍ണായക രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സംഘം ഉടന്‍ ബംഗളൂരുവിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ട് യുവതികളാണ് ഗര്‍ഭഛിദ്രത്തിന് വിധേയരായത്. ഇതിലൊരാളെ രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണെന്നാണ് അറിയുന്നത്.
ഈ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന തുടര്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് നേരിട്ട് മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഹുലിനെതിരേ യുവതി മൊഴി നല്‍കിയാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കേസില്‍ താല്‍പ്പര്യമില്ലെന്ന് യുവതി അറിയിച്ചതായാണ് സൂചന.
അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുംവിധം സന്ദേശം അയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തിരിക്കുന്നത്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ എത്തിക്കാന്‍ നീക്കം നടത്തി പാലക്കാട് ഡിസിസിയും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വര്‍ദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാല്‍ രാഹുലിന് പ്രവര്‍ത്തകര്‍ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. രാഹുല്‍ പാലക്കാട് എത്തിയിട്ട് 20 ദിവസത്തില്‍ കൂടുതലായി. രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അടക്കം രാഹുലിന് പിന്തുണയേറിയിട്ടുണ്ടെന്നും മണ്ഡലത്തിലെത്തുന്ന മുറയ്ക്ക് പ്രതിഷേധമുണ്ടായാലും പ്രതിരോധിക്കാവുന്നതാണെന്നും ഡിസിസി വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കെപിസിസിയാണ്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും രാഹുലിനെ പിന്തുണച്ചേക്കും. കേസുകളില്‍ ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യവും ഹൈക്കമാണ്ട് പരിഗണിക്കും.


