കൊച്ചി: താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ്
അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം കൂറുമാറാന്‍ ഒരുപാട് പേരെ ദിലീപ് സ്വാധീനിച്ചുവെന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാണ് കൂറുമാറിയവര്‍ക്കെതിരെ അന്വേഷണം നടത്തുക എന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ പുറത്തുവന്നതോടെയാണ് നടിയുടെ ആത്മഹത്യാശ്രമവും കൂടി നടന്നിരിക്കുന്നത്. താനും കുരുക്കില്‍ ആകുമോ എന്ന ഭയത്തില്‍ ആകാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രാഥമികമായ നിഗമനം.
അതിനിടെ സിന്‍സി അനില്‍ എന്ന വ്യക്തി നടത്തിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് സിന്‍സി അനില്‍. കേസില്‍ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്, ഇതിന്റെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തുള്ളവര്‍ അടക്കം പരിശോധനകള്‍ നടത്തിയപ്പോള്‍ കൊച്ചിയിലെ ആശുപ്രത്രിയില്‍ ഒരു നടി ചികിത്സ തേടിയ വിവരവും പുറത്തുവന്നു.
കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രേതസ്സുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ വരാനുണ്ട്. ദിലീപ് പ്രതിയായ കേസില്‍ ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ വലിയ വിഭാഗം ആളുകള്‍ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാല്‍ പിന്നീട് ഓരോരുത്തരായി കോടതിയില്‍ മൊഴി മാറ്റി പറയുകയായിരുന്നു.
20 സാക്ഷികളായിരുന്നു വിചാരണയ്ക്കിടെ കൂറ് മാറി പ്രതിഭാഗത്ത് ചേര്‍ന്നത്. പോലീസ് സാക്ഷികളെ നിരീക്ഷിക്കുവാന്‍ തീരുമാനമെടുത്തത് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ പോലീസിന് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചു കൂറുമാറിയവരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. പീഡന കേസില്‍ ഇത്രയധികം സാക്ഷികള്‍ കൂറുമാറുന്നത് ആദ്യമായാണ്. ജാമ്യത്തില്‍ ഇറങ്ങിയതോടെ നടന്‍ ദിലീപും ബന്ധുക്കളും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വന്നിരുന്നു. പ്രലോഭിപ്പിച്ചും പ്രലോഭനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് കൂറ്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
നടിമാരോടൊപ്പം നടന്മാരായ ഇടവേളബാബു, സിദ്ദിഖ് അടക്കമുള്ളവരാണ് കൂറുമാറിയത്.ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു എന്ന ആദ്യ മൊഴിയില്‍ നിന്നാണ് ഇടവേളബാബു പിന്മാറിയത്. എന്റെ അവസരങ്ങള്‍ ദിലീപ് തട്ടി മാറ്റുന്നു എന്ന പരാതി ആയിരുന്നു ആക്രമിക്കപ്പെട്ട നടി നല്‍കിയത്. 2013 മാര്‍ച്ചില്‍ കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ദിലീപ് ഒരു ഹോട്ടലില്‍ വച്ച് കണ്ടു എന്ന കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നാണ് മറ്റൊരു നടി കൂറുമാറിയത്.