കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ ഫോർ സംപ്രേഷണം ചെയ്ത ശേഷം സീരിയൽ, സിനിമാ താരം ധന്യ മേരി വർഗീസ് എല്ലാവർക്കും സുപരിചിതയാണ്. കുടുംബപ്രേക്ഷകർക്കിടയിൽ പോലും ധന്യ കൂടുതൽ ആരാധകരെ സമ്പാദിച്ചതും ബിഗ് ബോസിന് ശേഷമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധന്യ മേരി വർഗീസിനെ സോഷ്യൽമീഡിയ വഴി വലിയ രീതിയിലുള്ള പരിഹാസവും ട്രോളുമാണ് ലഭിക്കുന്നത്. അതിന് കാരണം ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോയാണ്.
കൃപാസനം എന്ന സ്ഥാപനത്തിനെതിരെ വലിയ രീതിയിൽ കുറച്ച് നാളുകളായി വിമർശനം നടക്കുന്നുണ്ട്. കൃപാസനത്തിൽ നിന്നും വിതരണം ചെയ്യുന്ന പത്രത്തിന് പോലും രോഗങ്ങൾ ബേധമാക്കാനുള്ള കഴിവുണ്ടെന്ന് ചില ആളുകൾ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെയാണ് കൃപാസനം സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്.
ഇത്തരം ചർച്ചകൾ സോഷ്യൽമീഡിയയിൽ ധന്യയുടെ സാക്ഷ്യം പറച്ചിലിന്റെ വീഡിയോ വൈറലായത്. കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നാണ് വിമർശനം.
കാരണം വീഡിയോയിൽ ധന്യ പറയുന്ന കാര്യങ്ങളെല്ലാം പരസ്പര വിരുദ്ധമാണെന്നും വിമർശകർ പറയുന്നു. തന്റെ ജീവിത്തിലുണ്ടായ ചില പ്രശ്നങ്ങളുടേയും കേസിന്റേയും പേരിൽ സഹോദരന്റെ വിവാഹം നടക്കുന്നില്ലായിരുന്നുവെന്നും കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർഥിച്ച ശേഷമാണ് തന്റെ സഹോദരന്റെ വിവാഹം നടന്നത് എന്നാണ് ധന്യ സാക്ഷ്യം പറഞ്ഞത്.
തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ ഇപ്പോൾ. ധന്യയ്ക്കൊപ്പം ജോണും വിമർശനങ്ങൾക്ക് മറുപടി പറയാൻ എത്തിയിരുന്നു.
സാക്ഷ്യം പറഞ്ഞപ്പോൾ തെറ്റിപ്പോയ തിയ്യതികളും വർഷവും പുതിയ മറുപടി വീഡിയോയിൽ ധന്യ ശരിയായാണ് പറയുന്നത്. അന്ന് പരിഭ്രമത്തിൽ തെറ്റി പറഞ്ഞതാണെന്നും ധന്യ പറയുന്നുണ്ട്. ‘ഞാൻ കൃപാസനത്തിൽ ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരു സഹോദരൻ പറയുകയുണ്ടായി.’
‘എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്. ഞാൻ കൃപാസനത്തിൽ പോയ സമയത്ത് കോവിഡ് വന്നത് 2018ൽ ആണെന്ന് പറയുന്നുണ്ട്. അത് തെറ്റിപോയതാണ്. എനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം എന്നാൽ ആ ഒരു ടെൻഷന്റെ പുറത്ത് പറഞ്ഞ് പോയതാണെന്ന്. അതിനാണ് എന്നെ ചിലർ ട്രോളിയത്.’
‘ട്രോളിക്കോട്ടെ പക്ഷെ ക്യാഷ് വാങ്ങിക്കൊണ്ടാണ് ഞാൻ സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഞാൻ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തിൽ പറഞ്ഞത്. വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാൻ അത് ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് വർഷം മാറ്റാമല്ലോ.’
‘പക്ഷെ ഞാൻ എന്റെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവം അനുഭവിച്ച് തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവ സാക്ഷ്യം. ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവർ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിന് തൊട്ട് അടുത്താണ്. ഞങ്ങൾ വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി.’
‘തിരികെ വന്നാണ് ഞങ്ങൾ വണ്ടി എടുക്കുന്നത്. ആ ഏരിയ അത്ര പരിചയം ഇല്ല. വണ്ടി ശരിയാക്കുന്ന സമയമാണ് ധന്യ കൃപാസനത്തിൽ പോയാലോയെന്ന ആഗ്രഹം പറയുന്നതും’ ധന്യയ്ക്ക് വേണ്ടി ജോണും വിശദീകരിച്ചു.
‘ഞാൻ അവിടെ പോയത് എന്റെ വിശ്വാസം. അതിന്റെ തൊട്ട് അടുത്ത് എത്തിയപ്പോൾ വണ്ടി ഓഫായത് ഒരുപക്ഷെ ഇത് പറയാനുള്ള ഒരു നിമിത്തമാകാമെന്ന് ഞാൻ ചിന്തിച്ചു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാനുള്ള അവകാശം നമ്മൾക്കുണ്ട്. എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ചോദ്യം ചെയ്തത്.’
‘സുവിശേഷപ്രവർത്തനം ചെയ്യുന്ന ആളുകൾ തട്ടിപ്പ് ചെയ്യുന്നുണ്ടാകാം. അത് ഞങ്ങൾ എതിർക്കുന്നില്ല. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ ഒരു പ്രാർത്ഥനയാണ് ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കാൻ തുണ ഏകിയത്.
‘ജീവിതത്തിൽ നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത പല കാര്യങ്ങളുണ്ട്. ആ സമയത്ത് നമ്മൾ അറിയാതെ നമ്മൾ ദൈവമെ എന്ന് വിളിച്ചുപോകും. കൃപാസനം എന്നത് എന്റെ വിശ്വാസമാണ്. അനുജന്റെ വിവാഹം നടക്കുക എന്നത് എന്റെ ആവശ്യം ആയിരുന്നു.’
‘രണ്ട്, മൂന്ന് കാര്യങ്ങൾ അവിടെ വെച്ചിരുന്നുവെങ്കിലും പ്രയോരിറ്റി അനുജന്റെ വിവാഹത്തിന് ആയിരുന്നു. ചില ആളുകളുടെ വിശ്വാസം കൊണ്ട് രോഗങ്ങൾ വരെ മാറിയിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെയും വിശ്വാസമാണ്’ പരിഹസിച്ചവരോട് ധന്യ വിശദമാക്കി.