കൊച്ചി:വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ ആയിരുന്നു മീരയുടെ സിനിമ അരങ്ങേറ്റം. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന മീര അടുത്തിടെ വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും ആർജെയായും മീര തിളങ്ങിയിട്ടുണ്ട്. ദുബായില്‍ റോഡിയോ ജോക്കി ആയി ജോലി നോക്കുകയാണ് താരമിപ്പോൾ.
സോഷ്യൽ മീഡിയയിലും സജീവമാണ് മീര നന്ദൻ. മീരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പലപ്പോഴും വൈറലായി മാറാറുണ്ട്. അതേസമയം വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വരാറുള്ള താരം കൂടിയാണ് മീര. മിക്കപ്പോഴും അതിനെല്ലാം ചുട്ടമറുപടിയും മീര നൽകാറുണ്ട്. സിനിമയിൽ അവസരം കുറഞ്ഞത് കൊണ്ടാണോ ഇത്തരം ഫോട്ടോകൾ ഇടുന്നത് എന്ന ചോദ്യമാണ് പൊതുവെ കമന്റുകളിൽ നിറയാറുള്ളത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് മീര നന്ദൻ.
‘സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയല്ല ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഒരു പ്രസൻസ് അറിയിക്കാൻ വേണ്ടി മാത്രമാണ്. ഇന്ന് ഇനി ഗ്ളാമറസാകാം എന്ന് കരുതിയുമല്ല ചെയ്യുന്നത്. അതൊക്കെ അങ്ങനെ വരുന്നതാണ്. മുല്ലയിലും പുതിയമുഖത്തിലുമൊക്കെ എന്നെ ഹാൾഫ് സാരി ഉടുത്ത് കണ്ടിരിക്കുന്നത് കൊണ്ട് തന്നെ ആളുകൾക്ക് കാണുമ്പോൾ ദഹിക്കാത്ത പ്രശ്നം ഉണ്ടാകുന്നുണ്ടാകും. ദുബായിലേക്ക് പോയതോടെയാണ് ഷോട്ട്സ് ഒക്കെ ഇട്ടു നടക്കാൻ തുടങ്ങിയത്’,
‘നാട്ടിൽ ഒന്നും ഞാൻ ഇടില്ല. നാട്ടിൽ എനിക്കങ്ങനെ ഇട്ടു നടക്കാൻ പറ്റില്ല. ദുബായിയിൽ എന്നെ മറ്റൊരു കണ്ണിലൂടെ ആരും നോക്കില്ല. എനിക്ക് അവിടെ സ്വാതന്ത്ര്യമുണ്ട്. എന്റെ അമ്മയും പറയുന്നത് അത് തന്നെയാണ്. നീ അവിടെ എന്താണെന്ന് വെച്ചാൽ ആയിക്കോളൂ എന്ന്. ഇവിടെ ആളുകളുടെ കണ്ണുകളാണ് പ്രശ്‌നം. അതാണ് എന്നെ അൺകംഫർട്ടബിൾ ആക്കുന്നത്.
‘നാട്ടിലുള്ളവർ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. അവിടെ ആർക്കും മറ്റുള്ളവരുടെ കാര്യം നോക്കാൻ സമയമില്ല. ഇവിടെ അപ്പുറത്തെ വീട്ടിലേക്കാണ് തല. അതാണ് പ്രശ്നം’, മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ മീര നന്ദൻ പറഞ്ഞു.
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മീര അഭിമുഖത്തിൽ സംസാരിച്ചു. അവിടെ ഇവിടെയൊക്കെയായി ഓരോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒന്നും അത്ര ഭയങ്കര റൊമാന്റിക് ആയ റിലേഷൻഷിപ്പുകൾ അല്ല. സ്‌കൂളിൽ പഠിക്കുമ്പോൾ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇഷ്ടമാണെന്ന് പറഞ്ഞ് വരുന്നവരോടെല്ലാം ഞാൻ പ്രണയിക്കാനുള്ള പക്വത എനിക്കില്ലെന്നാണ് പറഞ്ഞിരുന്നതെന്നും മീര പറഞ്ഞു.
പെണ്ണുകാണൽ പരിപാടികളോട് ഒന്നും താൽപര്യമില്ല. എന്തെങ്കിലും കോഫി ഡേറ്റിനോ മറ്റോ പോയി രണ്ടുപേരും സംസാരിക്കട്ടെ. എന്നിട്ട് ഒക്കെ ആണെങ്കിൽ വിവാഹം കഴിക്കട്ടെ. ഒരാൾ ഇൻഡിപെൻഡന്റ് ആയി എന്നുള്ളതൊന്നും വിവാഹം കഴിക്കാനുള്ള മാനദണ്ഡമല്ല. എപ്പോഴാണ് അതിന് മനസ് കൊണ്ട് തയ്യാറാകുന്നത്, അപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്നും മീര നന്ദൻ വ്യക്തമാക്കി.
തന്റെ ദുബായ് ജീവിതത്തത്തെ കുറിച്ചും മീര പറയുകയുണ്ടായി. ദുബായിയിൽ ഞാൻ ഒറ്റയ്ക്കാണ് താമസം. വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യുന്നത് ഞാൻ തന്നെയാണ്. അങ്ങനെ എല്ലാം ബാലൻസ് ചെയ്താണ് മുന്നോട്ട് മുന്നോട്ട് പോകുന്നത്. അമ്മ വർഷത്തിൽ ഒരിക്കൽ എന്തായാലും വരും. അച്ഛനും ഇടയ്ക്ക് വിസിറ്റിന് വരാറുണ്ട്. പക്ഷേ അവർ വന്നിട്ട് പോകും. പിന്നെയുള്ള കാര്യങ്ങളൊക്കെ നോക്കുന്നത് താൻ തന്നെയാണെന്നും മീര നന്ദൻ പറഞ്ഞു.