ലക്നോ: ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ സർക്കാര് സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബിആർഡി മെഡിക്കൽ കോളജിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.
സംഭവത്തിൽ നിലവിൽ സസ്പെൻഷനിലാണ് കഫീൽ ഖാൻ. സസ്പെൻഷനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഖാനെ പുറത്താക്കിയ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഔദ്യോഗികമായ പിരിച്ചുവിടല്‍ ഉത്തരവ് തനിക്ക് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2017 ഓഗസ്റ്റില്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ട് 60 ലധികം കുട്ടികള്‍ മരിച്ചിരുന്നു. ഈ സംഭവത്തിൽ കഫീൽ ഖാനെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കഫീല്‍ ഖാനെതിരേ കേസെടുത്തു.