സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അതിക്രമം; അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍
ലക്‌നോ: സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് സംഭവം. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷന്‍ ഇന്‍ചാര്‍ജായ ഇച്ഛാറാം യാദവിനെയാണ് ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഓഫീസില്‍വച്ച് ശല്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാരി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഇച്ഛാറാം യാദവും പരാതിക്കാരിയും ലക്നൗ ബാപ്പുഭവനിലെ ഓഫീസിലാണ് ജോലിചെയ്യുന്നത്. 2018 മുതല്‍ ഇയാള്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ പരാതി.
കരാര്‍ ജീവനക്കാരിയായതിനാല്‍ പരാതിപ്പെട്ടാല്‍ ജോലി തെറിപ്പിക്കുമെന്നും അണ്ടര്‍സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഉപദ്രവം തുടര്‍ന്നതോടെ വീഡിയോ പകര്‍ത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു.വീഡിയോ സഹിതമാണ് യുവതി ഹുസൈന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
എന്നാല്‍ നടപടിയെടുക്കാന്‍ പോലീസ് തയാറാകാതായതോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവതി അറിയിച്ചു. എന്നാല്‍ പരാതി നല്‍കിയ ഒക്ടോബര്‍ 29ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും, യുവതിയുടെ മൊഴിയെടുത്തുവെന്നും പോലീസ് അറിയിച്ചു.