തൃശൂര്‍: സമരക്കാരെ അടിച്ചൊതുക്കുന്ന,കേന്ദ്രമന്ത്രിയോടുപോലും ചൂടന്‍ സ്വഭാവം പുറത്തെടുക്കുന്ന പരുക്കനായ പോലീസുദ്യോഗസ്ഥനായാണ് യതീഷ് ചന്ദ്ര ഐ.പി.എസ് അറിയപ്പെടുന്നത്. എന്നാല്‍ പൂരത്തിന്റെ നാടായ തൃശൂരില്‍ സിറ്റി പോലീസ് കമ്മീഷണറായെത്തിയശേഷം യതീഷ്ചന്ദ്രയുടെ മറ്റൊരു മുഖമാണ് നാട്ടുകാര്‍ കാണുന്നത്.ജനങ്ങളോടുള്ള ഊഷ്മളമായ ഇടപെടല്‍,നാട്ടുാകാരിലൊരാളായി ആഘോഷങ്ങള്‍ തുടങ്ങി അടിമുതല്‍ മുടിവരെ മാറ്റം.ഏറ്റവുമൊടുവില്‍ മകനെ ചുമലിലേറ്റ് വടക്കുംനാഥ ക്ഷേത്രത്തില്‍ അനയൂട്ടിനെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ്‌ക്കൊണ്ടിരിയ്ക്കുന്നത്.
47 ആനകളാണ് ക്ഷേത്രത്തില്‍ ഒന്നൊന്നായി അണി നിരന്നത്. കാഴ്ച കണ്ടപ്പോള്‍ മകന്‍ വിശ്രുത് ചന്ദ്രന് ഒരാഗ്രഹം. ആനയ്ക്ക് പഴം നല്‍കണം. ഒട്ടും മടിച്ചില്ല മകനെ തോളിലേറ്റി കമ്മീഷണര്‍ ആനയ്ക്കരികിലേക്ക്.ആനയെ തൊട്ട് പഴവും നല്‍കി ഇരുവരും മടങ്ങി.
തൃശൂരില്‍ കമ്മീഷണറായി ചുമതലയേറ്റശേഷം ആനയെ കാണണമെന്ന് മകന്‍ ആവശ്യപ്പെട്ടെങ്കിലും പൂരക്കാലത്ത് ഔദ്യോഗിക തിരക്കില്‍പ്പെട്ടതിനാല്‍ മകനെ ആനയെക്കാണിക്കല്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കര്‍ണാടക സ്വദേശിയായ യതീഷ് ചന്ദ്ര രണ്ടുവര്‍ഷമായി തൃശൂരിലാണ് താമസം.പൂരപ്രേമികള്‍ക്കിടയില്‍ നിന്ന് കൈകളുയര്‍ത്തി താളം പിടിച്ച് പൂരം ആഘോഷിയ്ക്കുന്ന യതീഷിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു.