ന്യൂഡല്‍ഹി: പോണോഗ്രാഫിക് ഉള്ളടക്കങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. ഒട്ടേറെ ഉപയോക്താക്കൾ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭൂപരിധിയിൽ മാത്രമാണ് ഈ നിരോധനം എന്നാണ് വിവരം. എന്നാൽ, ‘എക്സി’ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. പ്രാദേശിക നിയന്ത്രണങ്ങൾ കാരണം ഈ ഉള്ളടക്കം ‘എക്സി’ൽ നയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പാണ് പോസ്റ്റുകൾക്ക് പകരം കാണാനാവുക.
നിയന്ത്രണങ്ങളില്ലാതെ അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്ന പ്ലാറ്റ്‌ഫോമാണ് ‘എക്സ്’. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിയന്ത്രണങ്ങൾക്ക് അയവു വരുത്തിയതാണ് ഇതിലേക്ക് നയിച്ചത്. വ്യക്തികളുടെ അനുമതിയോടുകൂടിയുള്ളതും അനുമതിയില്ലാത്തതും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായ ഉള്ളടക്കങ്ങൾ ‘എക്സി’ൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇക്കാരണത്താൽ പോൺ ഉള്ളടക്കങ്ങളുടെ സുരക്ഷിത ഉറവിടമായി പലരും ‘എക്സ്’ ഉപയോഗപ്പെടുത്തി. ‘എക്സി’ന്റെ ഈ നീക്കത്തിൽ ഉപഭോക്താക്കളിൽ പലരും ഞെട്ടലറിയിച്ചുകൊണ്ടാണ് പോസ്റ്റുകൾ പങ്കുവെച്ചത്. പലരും തങ്ങളുടെ ആപ്പിന്റെ പ്രശ്നമാണെന്ന് കരുതി വിപിഎന്നും മറ്റും ഉപയോഗിച്ച് നോക്കിയെന്ന് പോസ്റ്റുകൾ പറയുന്നു. ഒട്ടേറെയാളുകൾ പോസ്റ്റുകൾ പങ്കുവെച്ചതോടെയാണ് ‘എക്സി’ന്റെ നടപടി വ്യക്തമായത്. മറ്റ് രാജ്യങ്ങളിൽ ഈ നിയന്ത്രണം ഇല്ലെന്നാണ് വിവരം. ഇന്ത്യൻ അധികൃതരിൽനിന്നുള്ള കടുത്ത സമ്മർദ്ദമാണ് നടപടിക്ക് പിന്നിലെന്നാണ് കരുതുന്നത്.
സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് സേവനദാതാക്കളും സ്വന്തം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എങ്കിൽ മാത്രമേ കുട്ടികൾക്കും സ്ത്രീകൾക്കും മറ്റ് ഓൺലൈൻ ഉപയോക്താക്കൾക്കും അവ കൂടുതൽ സുരക്ഷിതമാവുകയുള്ളൂ എന്നും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഹാനികരമായ ഉള്ളടക്കങ്ങളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കാത്ത സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ ഇല്ലായ്മ ചെയ്യാനുമായി കടുത്ത നടപടികൾ ഭരണകൂടം സ്വീകരിച്ചുവരുന്നുണ്ട്. അതിനിടെയാണ് ‘എക്സി’ന്റെ ഈ നീക്കം.
English Summary: Social media giant ‘X’ (formerly Twitter) has reportedly restricted pornographic content in India. Users across the country noted that such posts are being replaced with a message stating the content is restricted due to local regulations. While there has been no official statement from ‘X’, the move is suspected to be a result of tightening IT regulations in India.


