ന്യൂഡല്‍ഹി: ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സ്ത്രീകളെ അണി നിരത്തിയുള്ള സമരം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ഞായറാഴ്ച പാര്‍ലമെന്റിന് പുറത്ത് മഹിളാ മഹാ പഞ്ചായത്ത് കൂടിചേരാനാണ് തീരുമാനം.
ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. നല്‍കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചിട്ടും ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. അനുവദിച്ച സമയത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് താരങ്ങള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
ഹരിയാനയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ തീരുമാനം. രാജ്യത്തെ പെണ്‍മക്കള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ സ്ത്രീകളോടും തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ബജ്‌രംഗ് പുനിയ വ്യക്തമാക്കി.
മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പോലീസ് അതീവ സുരക്ഷയാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.