ന്യൂഡല്‍ഹി: രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
3,70,000 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ സ്ഥിതിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാന്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും രണ്ട് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ IL76 വിമാനം. സിംഗപ്പൂരില്‍ നിന്ന് മൂന്ന് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു. രാജ്യത്തിനകത്ത് 14 ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇനിയും 19 ടാങ്കറുകള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേര്‍ ഇന്നലെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. രാജ്യത്ത് നിലവില്‍ 37,15,221 പേര്‍ ചികിത്സയിലുണ്ട്.
അതിനിടെ സംസ്ഥാനങ്ങളുടെ വാക്സിനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.